തലസ്ഥാന ജില്ലയിലെ എല്ലാ പ്രീ-പ്രൈമറി ക്ലാസ് മുറികളിലും പ്രവർത്തനമൂലകൾ ഒരുങ്ങി.
തിരുവനന്തപുരം : സമഗ്ര ശിക്ഷ കേരളം താലോലം പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ പൊതുവിദ്യാലയങ്ങളിലും നടപ്പാക്കി വരുന്ന പ്രവർത്തനമൂലകളുടെ ജില്ലാതല പ്രഖ്യാപനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. തിരുവനന്തപുരം കരമന HS LPS ൽ ഒരുക്കിയ പ്രവർത്തനയിടം മന്ത്രി വിലയിരുത്തി. കേരളത്തിലെ പ്രീ പ്രൈമറി വിദ്യാഭ്യാസ മേഖല സമഗ്രമായി നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികൾക്ക് വേഗം കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. ആഹ്ലാദകരമായ അന്തരീക്ഷത്തിൽ കളിരീതിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ഓരോ കുട്ടിക്കും പ്രീ-സ്കൂൾ ശേഷികൾ ആർജിക്കാനാകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ 375 അംഗീകൃത പ്രീ പ്രൈമറി വിദ്യാലയങ്ങളിലും പ്രവർത്തന മൂലകൾ സജ്ജീകരിച്ചിട്ടുണ്ട്. മേയർ കുമാരി ആര്യരാജേന്ദ്രൻ യോഗത്തിൽ അധ്യക്ഷയായി. ജില്ലയിലെ പിന്നാക്ക വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ടാബ്ലെറ്റുകളുടെ വിതരണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ നിർവഹിച്ചു.സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു.