മഴ മാറി നിന്നു. കളിചിരികളും കുസൃതികളുമായി പൊതുവിദ്യാലയ നന്മയിലേക്ക് കുരുന്നുകളെത്തി..
തിരുവനന്തപുരം: പലതരം പ്രയാസങ്ങളായിരുന്നു നമ്മുടെ വിദ്യാലയങ്ങള്‍ അനുഭവിച്ചിരുന്നതെന്നും എന്നാല്‍ അതെല്ലാം ഇപ്പോള്‍ ഇല്ലാതായെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാനുള്ള സൗകര്യം വളരെ കുറവായിരുന്നു. ഇപ്പോള്‍ ഓരോ കുഞ്ഞും പ്രത്യേകം പ്രത്യേകമുള്ള ചെറിയ കസേരയിലിരുന്ന് അവരുടെ ആദ്യദിവസം തുടങ്ങുന്നതാണ് കാണാനാകുന്നത്. സ്കൂളിലെ ഇരിപ്പിടങ്ങള്‍ അപകടാവസ്ഥയിലുള്ളതായിരുന്നു. ഇപ്പോഴാ സ്ഥിതി മാറി. ആയിരക്കണക്കിന് കോടി രൂപ ഇതിനൊക്കെയായി ചെലവഴിച്ചു. അതോടൊപ്പം നാടും നാട്ടുകാരും പൂര്‍വവിദ്യാര്‍ഥികളും അധ്യാപക രക്ഷാകര്‍തൃസമിതിയും ഫലപ്രദമായി അണിനിരന്നു.
2016 ല്‍ അഞ്ച് ലക്ഷത്തോളം കുട്ടികള്‍ കൊഴിഞ്ഞുപോയിരുന്നു.എല്ലാവരിലും വല്ലാത്ത നീറ്റല്‍ ഇതുണ്ടാക്കി. എന്നാല്‍ കാലം മാറി. മാറ്റങ്ങള്‍ വിദ്യാലത്തിലുണ്ടായി. അതിനാല്‍ രക്ഷിതാക്കളും കുട്ടികളും പൊതുവിദ്യാലയത്തെ ഇഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. 5 ലക്ഷംവിട്ടുപോയതിന് പകരം അതിന്റെ ഇരട്ടിയിലധികം (പത്ത് ലക്ഷത്തോളം) കുട്ടികള്‍ കൂടുതലായി വരുന്ന സാഹചര്യമാണ് ഏഴ് വര്‍ഷത്തില്‍ കേരളത്തിലുണ്ടായത്. പൊതുവിദ്യാഭ്യാസത്തില്‍ വന്ന മാറ്റമാണ് ഇതിലൂടെ കാണാനായതെന്നും മുഖ്യമന്ത്രി പറഞ്ഞുഎല്ലാ കുട്ടികള്‍ക്കും പാഠപുസ്തകവും യൂണിഫോമും കൃത്യസമയത്ത് തന്നെ കൈകളിലെത്തി. ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കുമെന്ന് മനസിലാക്കി അതിനുള്ള തയ്യാറെടുപ്പ് കുട്ടികള്‍ മാനസീകമായി തന്നെ എടുത്തു. ഇതു മാറ്റമാണ്. എത്രമാത്രം കരുതലോടെയാണ് വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ കാണുന്നത് എന്നാണ് ഇതിലൂടെ മനസിലാകുന്നത്. ഇതിന് വിപരീതമായതും നാം അനുഭവിച്ചുവെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു
പാഠപുസ്തകത്തിന്റെ ഫോട്ടോകോപ്പി എടുത്ത് കേരളത്തിലെ വിദ്യാര്‍ഥികള്‍ പഠിക്കേണ്ട കാലമുണ്ടായിരുന്നു.അതെല്ലാം മാറി. നല്ല പഠന അന്തരീക്ഷം ഒരുക്കിയിരിക്കുന്നു. അക്കാദമിക് തലത്തിലും മാറ്റം ഉണ്ടായി. സ്കൂളുകളെല്ലാം അതിന് വേണ്ട സൗകര്യം ഒരുക്കി. ലാബടക്കമുള്ള എല്ലാ സൗകര്യവുമൊരുക്കി.ക്ലാസ് മുറികളും വിദ്യാലയങ്ങളും സ്മാര്‍ട്ടാകുന്നു. ഇതിന്റെ ഗുണഫലം അനുഭവിച്ചവരാണ് നമ്മള്.കോവിഡ് കാലത്ത് വിദ്യാഭ്യാസത്തിലെ മാറ്റം വലിയ പ്രയാസമുണ്ടാക്കിയില്ല. സ്കൂളിന്റെ മാറ്റത്തിന്റെ ഭാഗമായിരുന്നു അത്. വീട്ടില്‍ അതിന് സൗകര്യമുണ്ടാക്കുക എന്നതായിരുന്നു അടുത്ത കാര്യം. സര്‍ക്കാരിനൊപ്പം നാടാകെ ഇതിനോട് സഹകരിച്ചു. അതുവഴി എല്ലാവര്ക്കും ഓണ്‍ലൈന്‍ സൗകര്യമൊരുക്കി. ആദിവാസി ഊരുകളിലടക്കം ഈ പറയുന്ന സൗകര്യങ്ങള്‍ എത്തിച്ചു. ഒരു പരാതിയുമില്ലാതെ ഭംഗിയായി കാര്യം നിര്‍വഹിച്ചു.അതേസമയം, ഇത്തരം ഒരു പ്രയാസവും ഇല്ലാത്ത ഘട്ടത്തിലാണ് പൊതുവിദ്യാഭാസം പുറകോട്ട് പോയതെന്ന് കാണണം- അദ്ദേഹം പറഞ്ഞു
പ്രവേശനോസല്സവത്തിന്റെ ഭാഗമായി ഇന്ന് കേരളമാകെ ഉല്‍സവാന്തരീക്ഷത്തിലാണ് നില്‍ക്കുന്നത്. നാടാകെ
ഉല്‍സവാന്തരീക്ഷമാണ്. ജീവിതത്തില്‍ നല്ല കാര്യം മാത്രമല്ല ഉണ്ടാവുക, നല്ലതിനെ നാം പ്രോല്‍സാഹിപ്പിക്കണം. എന്നാല്‍ നല്ലതല്ലാത്തത് തിരിച്ചറിയണം. അതില്‍ നിന്നും വേറിട്ട് നില്‍ക്കണം. അതിന് കുട്ടികള്‍ പ്രാപ്തി നേടണം. തെറ്റിനെ പ്രോല്‍സാപ്പിക്കില്ല എന്ന നില സ്വീകരിക്കണം. കുഞ്ഞുങ്ങളെ തെറ്റായി ഉപയോഗിക്കുന്ന പലതുണ്ട്. അത് നാടിന്റെ ഭാവിയെ അപകടപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവരാണ്.മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത മനുഷ്യത്വമാണ്. ലഹരിക്കടിപ്പെട്ടാല്‍ അതില്ലാതാകും .കുറച്ച് മുതിര്‍ന്ന കുട്ടികളെയാണ് ഇതിന് ഉപയോഗിക്കുന്നത്. നല്ല കരുതല്‍, ജാഗ്രത എന്നിവ വേണം. വിദ്യാര്‍ഥികളുടെ പൊതു വളര്‍ച്ചയില്‍ അധ്യാപകര്‍ പങ്കുവഹിക്കണം. നേരായ രീതിയില്‍ കുട്ടികളെ നയിക്കുക. ശരിയായ കാര്യം കുട്ടികളിലെത്തിക്കുക. അത് അധ്യാപകന്റെ ഏറ്റവും വലിയ ചുമതലയാണ്. കുട്ടികളില്‍ സാമൂഹ്യ പ്രതിബദ്ധത ഉണ്ടാവുക എന്നത് ഏറ്റവും പ്രധാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അധ്യാപകര്‍ പകരുന്ന അറിവ് കുട്ടികള്‍ കാലങ്ങളോളം കൊണ്ടുനടക്കുകയാണെന്ന് കാണണം. അതിനാല്‍ നേരായ വഴിക്ക് നയിക്കാനുള്ള ശ്രമം അധ്യാപകരുടെ ഭാഗത്തുണ്ടാകണം. നല്ല തോതില്‍ ആത്മബന്ധമുണ്ടാകണമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ വ്യക്തമാക്കി.