സമഗ്ര ശിക്ഷ -സ്റ്റാർസ് പദ്ധതികളിലൂടെ 1031.92 കോടിയുടെ അക്കാദമിക പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കും: മന്ത്രി.വി. ശിവൻകുട്ടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന പദ്ധതികളായ സമഗ്ര ശിക്ഷാ , സ്റ്റാർസ് പദ്ധതികളിലൂടെ 1031.92 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സ്കൂൾ എഡ്യൂക്കേഷൻ സൊസൈറ്റി ഓഫ് കേരള(SEDESK)യുടെ 9-ാം മത് ഗവേണിംഗ് കൗൺസിൽ യോഗമാണ് ഇതിന് അംഗീകാരം നൽകിയത്. സമഗ്ര ശിക്ഷാ പദ്ധതിയും സ്റ്റാർസ് പദ്ധതിയും വ്യത്യസ്തമായ തലങ്ങളിലാണ് അക്കാദമിക -അക്കാദമികേതര പ്രവർത്തനങ്ങൾ നടത്തിവരുന്നത്. 2023 -24 അക്കാദമിക വർഷത്തിൽ സമഗ്ര ശിക്ഷ കേരളക്ക് 605.69കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾക്കും സ്റ്റാർസ് പദ്ധതിക്ക് 426.23 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കുമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകിയത്. തുകയുടെ 60% മാത്രമാണ് കേന്ദ്ര വിഹിതമായി ലഭിക്കുക. 40% വിഹിതം സംസ്ഥാന സർക്കാരാണ് നൽകുന്നത്. 2023- 24 അക്കാദമിക വർഷം പൊതു വിദ്യാഭ്യാസ മേഖലയിൽ സമഗ്ര ശിക്ഷയും, സ്റ്റാർസും നടപ്പാക്കുന്ന നൂതനവും വൈജ്ഞാനികവും പുതുമയേറിയതുമായ പദ്ധതി പ്രവർത്തനങ്ങളെ സംബന്ധിച്ച് കൗൺസിൽ യോഗം വിലയിരുത്തി. സമഗ്ര ശിക്ഷ പദ്ധതി പ്രവർത്തനങ്ങളിൽ എലമെൻററി മേഖലയിൽ 467.23 കോടി രൂപയും സെക്കൻഡറി തലത്തിൽ 120.34 കോടി രൂപയുടെയും, അധ്യാപക വിദ്യാഭ്യാസത്തിന് 18.12 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. സ്റ്റാർസ് പദ്ധതിക്ക് കീഴിലായി അഞ്ച് വ്യത്യസ്ത ഘടകങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത് . പ്രാഥമിക വിദ്യാഭ്യാസ ശാക്തീകരണം - 127.74 കോടി, വിലയിരുത്തൽ പ്രക്രിയാ ശാക്തീകരണം 31.66 കോടി, ക്ലാസ് റൂം പ്രവർത്തനം അധ്യാപക ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തൽ - 78.44 കോടി , വിദ്യാഭ്യാസ സേവന ഗുണനിലവാരം മെച്ചപ്പെടുത്തൽ 71.44 കോടി,
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം 59.44 സ്പിൽ ഓവർ തുകയായ 57.51 കോടി രൂപ ഉൾപ്പെടെ 426.23 കോടി രൂപയാണ് 2023 - 24 അക്കാദമിക വർഷം പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്ത് ചിലവഴിക്കുക. പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി ഗുണമേന്മയോടെയും കൃത്യതയോടെയും പൂർത്തീകരിക്കുന്നതിന് ഗവേണിംഗ് കൗൺസിൽ യോഗം നിർദ്ദേശം നൽകി, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐ എ എസ് , സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം സി. വിജയകുമാർ, സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ.സുപ്രിയ എ ആർ , എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ. കെ , ഡോ. സി. രാമകൃഷ്ണൻ, ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ അധ്യാപക സംഘടന പ്രതിനിധികൾ , തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ , വിവിധ വകുപ്പുകളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.