പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ അഴിമതി , കെടുകാര്യസ്ഥത വച്ചുപൊറുപ്പിക്കില്ല മന്ത്രി. വി. ശിവൻകുട്ടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഇപ്പോഴും കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ജീർണതകൾ വിട്ടു പോയിട്ടില്ലെന്നും, അത് കർശന നടപടികളിലൂടെ തുടച്ചുനീക്കുമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്ന സംസ്ഥാനതല വിദ്യാഭ്യാസ ഓഫീസർമാരുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. 2023- 24 അധ്യായന വർഷം ആരംഭിക്കുന്നതിന് മുമ്പ് പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും മുന്നൊരുക്കങ്ങളെ കുറിച്ചുമുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും ജനപ്രതിനിധികളുമായും പൊതുവിദ്യാലയ പ്രദേശത്തെ ബന്ധപ്പെട്ട സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പൂർവ്വ വിദ്യാർത്ഥി സംഘടനകളെയും ഉൾപ്പെടുത്തി വിപുലമായ മുന്നൊരുക്കങ്ങൾ സ്കൂൾ തുറക്കുന്നതിന് മുമ്പ് സജ്ജീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഫയലുകൾക്ക് മേലുള്ള കാലതാമസം കുറയ്ക്കണമെന്നും സമയബന്ധിതമായി തീരുമാനങ്ങൾ നടപ്പിലാകാണാമെന്നും മന്ത്രി നിർദ്ദേശിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിക്കുന്ന ചുമതലകൾ ഏറ്റെടുക്കാത്ത ജീവനക്കാരോട് കർശന നടപടി സ്വീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കുകയാണെന്നും മന്ത്രി സൂചിപ്പിച്ചു.
പൊതുവിദ്യാലയങ്ങൾക്കുള്ളിലും സമീപത്തും ലഹരി ഉപയോഗം പൂർണമായും തടയുന്നതിനവശ്യമായ നടപടി കൈക്കൊള്ളാൻ നിർദ്ദേശം നൽകി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും കുട്ടികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ അക്കാദമിക - അക്കാദമികേതര പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ആർ ഡി ഡി മാർ, ഡിഇഒ, എഇഒ തുടങ്ങിയ ഉദ്യോഗസ്ഥരാണ് ഏകദിന അവലോകന യോഗത്തിൽ പങ്കെടുത്തത്. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ.എ.എസ് , പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഐ. എ. എസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ.ജയപ്രകാശ് ആർ കെ , സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ.ആർ, കൈറ്റ് -വിക്ടേർസ് ഡയറക്ടർ അൻവർ സാദത്ത് പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) സന്തോഷ് സി.എ, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (അക്കാദമിക്ക് ) ഷൈൻ മോൻ എം.കെ, ഹയർ സെക്കന്ററി ജോ. ഡയറക്ടർ സുരേഷ് കുമാർ എസ്, പരീക്ഷ വിഭാഗം ജോ.ഡയറക്ടർ ആർ. വിവേകാനന്ദൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.