ഭിന്നശേഷി കുട്ടികൾക്കുള്ള ജില്ലാതല ഉപകരണ വിതരണം
വയനാട് : ഉൾച്ചേരൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്ക് നൽകുന്ന ഓർത്തോട്ടിക് ഉപകരണങ്ങളുടെ ജില്ലാതല വിതരണം മാനന്തവാടി ബി ആർ സി യിൽ ഒ. ആർ കേളു എം എൽ എ നിർവഹിച്ചു. ധ്വനി എന്ന പേരിൽ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവത്തിന്റെ സമാപനവും നടന്നു. കലോത്സവത്തിൽ പങ്കാളികളായ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ മാനന്തവാടി മർച്ചന്റ്സ് യൂത്ത് വിങ്ങ് പ്രസിഡന്റ് അൻവർ , ട്രഷറർ റഷീദ് എന്നിവർ വിതരണം ചെയ്തു. 99 കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ വേദിയിലവതരിപ്പിച്ചു. എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ അനിൽകുമാർ വി അധ്യക്ഷനായ യോഗത്തിൽ, ബി.പി സി ഇൻ ചാർജ് അനൂപ് കുമാർ സ്വാഗതം പറഞ്ഞു. പ്രോജക്ട് കോർഡിനേറ്റർ ജോൺ എൻ ജെ പദ്ധതി വിശദീകരിച്ചു. ട്രെയിനർ റിൻസി ഡിസൂസ, സ്പെഷ്യൽ എജുക്കേറ്റേഴ്സ്, സി ആർ സിമാർ എന്നിവർ കലോത്സവത്തിന് പരിശീലനവും നേതൃത്വവും നൽകി. വൈദ്യ പരിശോധനകൾ പൂർത്തിയാക്കി അർഹരായ് കണ്ടെത്തിയ കാഴ്ച പരിമിതിയുള്ള 922 കുട്ടികൾക്ക് കണ്ണടയും കേൾവി പരിമിതിയുള്ള 58 കുട്ടികൾക്ക് ശ്രവണസഹായിയും ഇതര ശാരീരിക പരിമിതിയുള്ള 268 കുട്ടികൾക്ക് ഓർത്തോട്ടിക് ഉപകാരങ്ങളും വയനാട് ജില്ലയിൽ ഈ വർഷം ഉൾച്ചേരൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നൽകുന്നു.സൈറ്റ് ഫോർ ദ കിഡ് എന്ന പേരിൽ കാഴ്ചപരിമിതിയുള്ള കുട്ടികൾക്കുള്ള കണ്ണട വിതരണത്തിന് ലയൺസ് ക്ലബ് ഇൻറർനാഷണൽ ൻറെ സഹകരണവും ലഭിച്ചു.