ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിന് പ്രത്യേക പരിഗണന നൽകും: മന്ത്രി വി.ശിവൻകുട്ടി
കോഴിക്കോട്: സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ തൊഴിൽ അധിഷ്ഠിത പുനരധിവാസത്തിന് മുന്തിയ പരിഗണന നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു . പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള തൊഴിലധിഷ്ഠിത പുനരധിവാസവുമായി ബന്ധപ്പെട്ട് സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ട റസിഡൻഷ്യൽ പരിശീലനം കോഴിക്കോട് കൊളത്തറ വികലാംഗ വിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . നൈപുണ്യ വികസനത്തിനായി സ്കിൽ ഡെവലപ്മെൻറ് സെൻററുകൾക്ക് രൂപം നൽകുമ്പോൾ ഒരു കേന്ദ്രം ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേകം സജ്ജമാക്കും . തിരുവനന്തപുരം പാങ്ങപ്പാറയിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ച്ഡ് എന്ന സ്ഥാപനത്തെ ഈ മേഖലയിലെ അപ്പക്സ് സ്ഥാപനമായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു . കൊളത്തറയിൽ റസിഡൻഷ്യലായി നടത്തുന്ന രണ്ടുമാസത്തെ കോഴ്സിൽ കാഴ്ച - കേൾവി പരിമിതിയുള്ള 30 പേർക്കാണ് പ്രവേശനം നൽകിയിട്ടുള്ളത് . കാഴ്ച പരിമിതർക്കായി ഡൊമസ്റ്റിക് ഡാറ്റ എൻട്രി ഓപ്പറേറ്റർ , കേൾവി പരിമിതിയുള്ളവർക്കായി ഫീൽഡ് ടെക്നീഷ്യൻ കമ്പ്യൂട്ടിംഗ് & പെരിഫറൽ എന്നീ രണ്ട് കോഴ്സുകളിലാണ് പരിശീലനം . ബുദ്ധി പരിമിതി ഉള്ളവരെയും ഉൾപ്പെടുത്തി ഇത്തവണ 15 പേർക്ക് കൂടുതൽ പ്രവേശനം നൽകി . കൊളത്തറ സി ഐ സി എസ് പ്രസിഡൻറ് പി കെ അഹമ്മദ് മുഖ്യാതിഥിയായി. ഒന്നാംഘട്ട പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അഡ്വക്കേറ്റ് എം മുഹമ്മദ് , ടി എ റസാക്ക് തുടങ്ങിയവർ സംസാരിച്ചു . ജില്ലാ പ്രോജക്ട് കോ - ഓർഡിനേറ്റർ ഡോ .എ കെ അബ്ദുൽ ഹക്കീം സ്വാഗതവും ഡി പി ഒ വിടി ഷീബ നന്ദിയും പറഞ്ഞു .