' YIP ശാസ്ത്രപഥം ' ജില്ലാതല അധ്യാപക പരിശീലനം
തിരുവനന്തപുരം : സമഗ്ര ശിക്ഷാ കേരളം, പൊതുവിദ്യാഭ്യാസ വകുപ്പ്, കെ - ഡിസ്ക്, ശാസ്ത്രരംഗം എന്നീ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന ' വൈ.ഐ.പി ശാസ്ത്രപഥം ' പരിപാടിയുടെ ജില്ലാതല അധ്യാപക പരിശീലനം ഡോ.അരുൺ സുരേന്ദ്രൻ (വൈ.ഐ.പി, ഐ. ഇ. ഡീ. സി.നോഡൽ ഓഫിസർ, പ്രിൻസിപ്പൽ, ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്) ഉദ്ഘാടനം ചെയ്തു. നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന പല അന്ധവിശ്വാസങ്ങളെയും തച്ചുടയ്ക്കുന്നതിന് ശരിയായ ശാസ്ത്ര പഠനം കൊണ്ട് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ജീവിതപ്രശ്നങ്ങളെ പരിശോധിക്കാനും അപഗ്രഥിക്കാനും ശാസ്ത്രീയമായി സമീപിക്കാനും കുട്ടികൾക്ക് സാധിക്കണം. അതിനായി കുട്ടികളിലെ ഗവേഷണ മനോഭാവത്തെയും ചിന്താശേഷിയും വളർത്തുന്ന രീതിയിലുള്ള നേരനുഭവങ്ങൾ ക്ലാസ്മുറികളിൽ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സമഗ്ര ശിക്ഷ കേരളയുടെ 'ശാസ്ത്രപഥം' പരിപാടിയും കെ- ഡിസ്കിന്റെ ' യങ്ങ് ഇന്നവേഷൻ പ്രോഗ്രാം,' എന്ന പരിപാടിയും സംയോജിപ്പിച്ചാണ് 'ശാസ്ത്രപഥം വൈ. ഐ. പി.' പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 8 ,9 ,11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പെൺകുട്ടികൾ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെ കുട്ടികൾ , മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ തുടങ്ങിയവരുടെ പങ്കാളിത്തം ഈ പരിപാടിയിലൂടെ ഉറപ്പുവരുത്തുന്നു. പരിശീലനത്തിലൂടെ കുട്ടികൾക്ക് ഇരുപത്തിരണ്ട് വിഷയ മേഖലകൾ നൽകുന്നു. അതിൽനിന്നും കുട്ടിക്ക് താല്പര്യമുള്ളവ തിരഞ്ഞെടുത്തു ഗവേഷണം നടത്താവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പന്ത്രണ്ട് ബി.ആർ.സി.കളിൽ നിന്നും ഒരു ശാസ്ത്ര അധ്യാപകനും ശാസ്ത്രരംഗം ജില്ല, സബ്ജില്ലാതല കൺവീനർമാരുമാണ് ജില്ലാതല പരിശീലനത്തിൽ പങ്കാളികളായത്. സമഗ്ര ശിക്ഷാ കേരളം തിരുവനന്തപുരം ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എസ് ജവാദ്, ജില്ലാ പ്രോഗ്രാം ഓഫീസർ സന്ധ്യ, ശാസ്ത്രരംഗം കോ-ഓർഡിനേറ്റർ വിനയൻ, എന്നിവരും പരിശീലനത്തിൽ പങ്കെടുത്തു.