ഉൾച്ചേർക്കൽ വിദ്യാഭ്യാസം;ഫോക്കസ് ഏരിയയിൽ ജില്ലാതല സെമിനാർ
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണത്തിലെ ഉൾച്ചേർക്കൽ വിദ്യാഭ്യാസം - ഫോക്കസ് ഏരിയയെ അടിസ്ഥാനപ്പെടുത്തിയുള്ള ജില്ലാതല സെമിനാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി സൈക്കോളജിസ്റ്റും ഇൻക്ലൂസീവ് എഡ്യൂക്കേഷൻ ഫോക്കസ് ഗ്രൂപ്പിൻ്റെ ചെയർപേഴ്സണുമായ ഡോ. ബേബി ശാരി ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടിക്കും അനുയോജ്യമായ പഠന സാഹചര്യം ഒരുക്കുന്നതിനോടൊപ്പം സാമൂഹിക ജീവിത അനുഭവങ്ങളും കുട്ടികൾക്ക് പകർന്നു നൽകേണ്ടത് വിദ്യാഭ്യാസ കാലഘട്ടത്തിലാണെന്ന് അവർ പറഞ്ഞു. ഭിന്നശേഷിക്കാരായ ഓരോ കുട്ടികളെയും അക്കാദമിക പരമായി ഉൾചേർത്ത് ജീവിത നൈപുണികളും സാമൂഹിക നൈപുണികളും പഠന നൈപുണികളും ആർജ്ജിക്കുന്നതിന് അവരെ സജ്ജരാക്കേണ്ടതുണ്ട്. ഇത്തരം കുട്ടികൾക്കായി പ്രത്യേകമായ ഇവാലുവേഷൻ ടെക്നിക്കുകൾ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ ഉപയോഗിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഡോക്ടർ ചർച്ച ചെയ്തു. പാഠ്യ പദ്ധതി പരിഷ്കരിക്കുമ്പോൾ സവിശേഷമായ പിന്തുണ ഇത്തരം കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്നും നമ്മൾ ഓരോരുത്തരും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു. സംയോജിത രീതിയിലായിരുന്നു തിരുവനന്തപുരം ഐ.എം.ജി യിൽ സെമിനാർ നടന്നത്. ഓൺലൈനിലൂടെയാണ് ഡോ. ബേബി ശാരി പങ്കാളികളോട് സംവദിച്ചത്. റിസോഴ്സ് അധ്യാപകനായ വി. അജയകുമാർ പ്രബന്ധം അവതരിപ്പിക്കുകയും ഗ്രൂപ്പ് തലത്തിൽ ചർച്ച നടത്തുകയും ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസർ ബി. ശ്രീകുമാരൻ ജില്ലയിലെ ബി.ആർ.സി.കളെ പ്രതിനിധീകരിച്ച് സ്പെഷലിസ്റ്റ് അധ്യാപകർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.