'കുട്ടികളുടെ പഠന വിടവ് ' പരിഹാരം ; ശില്പശാലക്ക് സമാപനം
പത്തനംതിട്ട : ബി ആർ സി ട്രെയിനർമാർക്കും സി ആർ സി കോഡിനേറ്റർ എന്നിവർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കുട്ടികളുടെ പഠന വിടവ് കണ്ടെത്തുന്നതിനും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനുമായി ഉത്തര കടലാസ് വിശകലനം നടത്തുന്നതിനുള്ള പ്രത്യേക ഉത്തരസൂചിക നിർമ്മാണ ശില്പശാലയാണ് അടൂർ ബി ആർ സിയിൽ വച്ച് നടന്നത്. പത്തനംതിട്ട ജില്ല പ്രോജക്ട് കോർഡിനേറ്റർ ലെജു പി തോമസ് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രോജക്ട് ഓഫീസർ പി. ജയലക്ഷ്മി സ്വാഗതം ആശംസിച്ചു. പത്തനംതിട്ട ഡയറ്റ് പ്രിൻസിപ്പൽ വേണുഗോപാൽ പ്രവർത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചെയ്യേണ്ട രീതിയെ കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ നൽകി. ലോവർ പ്രൈമറി കുട്ടികളുടെ ഗണിതം, മലയാളം വിഷയങ്ങളിലെ ഉത്തരക്കടലാസുകൾ വിശകലനം ചെയ്തുകൊണ്ട് എല്ലാ അംഗങ്ങളും പരിപാടിയിൽ പ്രാതിനിധ്യം ഉറപ്പുവരുത്തി. ചർച്ചയിലൂടെ കൃത്യമായി ഓരോ പ്രവർത്തനങ്ങളുടെയും സൂക്ഷ്മതലത്തിലുള്ള ആശയ അടിസ്ഥാനത്തിലുള്ള സൂചകങ്ങൾ നിർമ്മിക്കുന്നതിന് ശിൽപ്പശാല സഹായകമായി. സൂചക നിർമ്മാണത്തിനും അതിന്റെ വിശകലനത്തിനുമായി സമഗ്ര ശിക്ഷാ പത്തനംതിട്ടയുടെ മുൻ ജില്ല പ്രോജക്ട് ഓഫീസറും ഡയറ്റ് പ്രിൻസിപ്പലുമായി പ്രവർത്തിച്ചിരുന്ന വിദ്യാഭ്യാസ വിചക്ഷണനായ ഡോ. ആർ. വിജയമോഹൻ നേതൃത്വം നൽകി. നിർമ്മിക്കപ്പെട്ട സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തര കടലാസ്സുകൾ എങ്ങനെ പരിശോധിക്കണമെന്നും വിടവുകൾ എങ്ങനെ രേഖപ്പെടുത്തണമെന്നും ചർച്ചയിൽ തീരുമാനമായി.