' ലഹരി വിമുക്ത കേരളം ' ക്യാമ്പയിന് ;കൊല്ലം ജില്ലയിലെ ഉദ്ഘാടനം നൗഷാദ് MLA നിർവഹിച്ചു.
കൊല്ലം - വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരിയുടെ ഉപയോഗം വലിയ സാമൂഹ്യ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി ' ലഹരി വിമുക്ത കേരളം- ലഹരി വിരുദ്ധ ക്യാമ്പയിന് അധ്യാപക പരിവര്‍ത്തന ശില്പശാല സംഘടിപ്പിച്ചു .കൊല്ലം വിമലഹൃദയ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ശില്പശാലയുടെ ഉദ്ഘാടനം ഇരവിപുരം MLA എം. നൗഷാദ് നിർവഹിച്ചു . ലഹരി എന്ന സാമൂഹിക ദുരന്തത്തിനെതിരായ മനോഭാവവും, പ്രതിരോധവും, അതിജീവനവും സാധ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിക്ക് എല്ലാ വിധ ഭാവുകങ്ങളും അദ്ദേഹം നേർന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷാ കേരളം കൊല്ലം ജില്ലയുടെ നേതൃത്വത്തില്‍ ജില്ലയിലെ എക്സൈസ്, പോലീസ്, ആരോഗ്യ,തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ കൂട്ടായ്മയിലൂടെയാണ് സുദീര്‍ഘമായ കര്‍മപദ്ധതി നടപ്പിലാക്കാൻ പോകുന്നത്. പൊതുവിദ്യാലയങ്ങളിലെ എല്ലാ അധ്യാപകരെയും കൈകോര്‍ത്തുകൊണ്ട് ലഹരിവിരുദ്ധ ക്യാമ്പയിന് ഒക്ടോബർ രണ്ട് മുതൽ നടപ്പിലാക്കുകയാണ്. എക്സൈസ് അസി.കമ്മീഷണർ രാജേഷ്, എ സി പി സക്കറിയ മാത്യു, എ എസ് ഐ അനുരൂപ , ആൻസി ബി കൈരളി തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു. സമഗ്ര ശിക്ഷ കേരളം ഡി പി സി അനിത എച്ച് ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജെ.തങ്കമണി അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഷീജ.എസ്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ .ജി.കെ.ഹരികുമാര്‍ ഡയറ്റ് സീനിയർ ലക്ചർ ബിന്ദു ടി തുടങ്ങിയവർ സംസാരിച്ചു.