സ്കഫൊൾഡ് ദ്വിദിന ജില്ലാ സഹവാസ പരിശീലനം
തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുന്ന (കൈത്താങ്ങ്) സ്കഫോൾഡ്- 2022 ദ്വിദിന ശില്പശാല തമ്പാനൂർ ശിക്ഷക് സദനിൽ പൂർത്തിയായി . ഐ. ബി. സതീഷ് എംഎൽ.എ. ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരോഗതിയിൽ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും സ്വപ്നം കാണാൻ കഴിയാത്ത വിധമുള്ള അസൂയാവഹമായ നേട്ടം കേരളത്തിനുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ, എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിലെ ബി.പി.എൽ. വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പ് വരുത്തി അവരുടെ വ്യക്തിഗത കഴിവുകൾ പരിപോഷിപ്പിക്കാനും ജീവിത പ്രതിസന്ധികളെ തരണം ചെയ്ത് മികച്ച കരിയർ ഉറപ്പുവരുത്താനുമുള്ള പ്രാരംഭ ശ്രമമാണ് സ്കഫോൾഡ്.
കുട്ടികളുടെ എല്ലാ തരത്തിലുമുള്ള കഴിവുകൾ മനസ്സിലാക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ സഹവാസ ക്യാമ്പിൽ ഉണ്ടായിരുന്നു. ഇൻറർവ്യൂവും ഗ്രൂപ്പ് പ്രവർത്തനങ്ങളും വഴി കുട്ടികളിലെ വിവിധ ശേഷികൾ മനസ്സിലാക്കാനും ആരോഗ്യ പരിപാലനത്തിനായി എയ്റോബിക്സ്, യോഗ എന്നിവയും ക്യാമ്പിൽ പരിശീലിപ്പിച്ചു. നഗരം ചുറ്റിക്കാണുന്നതിനായി ഫീൽഡ് ട്രിപ്പും സംഘടിപ്പിച്ചു. അങ്ങനെ കുട്ടികളിലെ എല്ലാ തരത്തിലുമുള്ള സർഗ്ഗവാസനകൾക്ക് വേദിയാകാനും സ്കഫോൾഡ്ക്യാമ്പിന് കഴിഞ്ഞു. രണ്ടുദിവസത്തെ ക്യാമ്പിൽ വളരെ ആവേശപൂർവ്വമാണ് കുട്ടികൾ പങ്കെടുത്തത്. സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി ഭിന്നശേഷി കുട്ടികൾ ഉൾപ്പടെ 46 കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, ഹെൽത്ത്, ഡയറ്റ്, തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ക്യാമ്പിൽ നേരിട്ടെത്തി നേതൃത്വം നൽകി. ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 25 കുട്ടികൾക്കാണ് അടുത്തഘട്ടത്തിൽ കരിയർ ഗൈഡൻസ് നൽകുന്നത്. ഗിരിജ കെ. ( ആർ.ഡി.ഡി), ആർ. സുരേഷ് കുമാർ (ഹയർ സെക്കന്ററി ജോയിന്റ് ഡയറക്ടർ),എസ്. ജവാദ് (സമഗ്ര ശിക്ഷാ കേരളം തിരുവനന്തപുരം ജില്ല പ്രോജക്റ്റ് കോർഡിനേറ്റർ), ഷാഹിന കെ. എ.(SSKജില്ല പ്രോഗ്രാം ഓഫിസർ ) ജഡ്ജിംഗ് പാനൽ അംഗങ്ങൾ ആയ ഡോ. ഗീതാലക്ഷ്മി കെ, എം. എസ്. സുരേഷ് ബാബു, ഫവാസ് എം , നഹാസ് അഹമ്മദ്, ശ്രീകുമാരൻ. ബി, ബിജു എസ്.എസ്., വിനോദ് എന്നിവർ ദ്വിദിന ക്യാമ്പിന് നേതൃത്വം നൽകി .