വരടിയം ഗവ. യു പി സ്കൂളിൽ മാതൃകാ പ്രീ-പ്രൈമറി 'മാമ്പൂ' വിൻറെ ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹച്ചു.
തൃശൂർ : സമഗ്ര ശിക്ഷ കേരളം അനുവദിച്ച പതിനഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് തൃശൂർ വരടിയം ഗവ. യു പി സ്കൂളിൽ നിർമിച്ച മാതൃകാ പ്രീ പ്രൈമറി വിഭാഗമായ മാമ്പൂവിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. പ്രൈമറി സ്കൂൾ വിദ്യാഭ്യാസമാണ് കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആദ്യ പടിയെന്നും, അമ്മയുടെ മടിത്തട്ടിൽ നിന്നും കടന്നുവരുന്ന കുട്ടിൾക്ക് കുടുംബാന്തരീക്ഷമാണ് വിദ്യാലയങ്ങളിൽ ഉണ്ടാകേണ്ടതെന്നും അതിനു വേണ്ട സാധ്യതകൾ കൃത്യമായി ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സർക്കാർ സംവിധാനത്തിൽ ഇത്തരമൊരു മാതൃകാ വിദ്യാലയം സമ്മാനിക്കാനായത് അഭിമാനാർഹമാണെന്ന സന്തോഷം മന്ത്രി പങ്കുവച്ചു. ഓലക്കുടിലും, ചാന്തുകൊണ്ടെഴുതിയ മുറ്റവും , കുഞ്ഞു മക്കൾക്ക് കളിച്ചു രസിക്കുന്നതിനായി തീവണ്ടിയും ഊഞ്ഞാലും മരങ്ങളും നിറഞ്ഞ ഒരു പാർക്കും ഉൾക്കൊള്ളുന്ന അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂളാണ് മാമ്പൂ. പുഴയ്ക്കൽ ബി ആർ സിയുടെ നേതൃത്വത്തിൽ നിർമ്മിച്ച "മാമ്പൂ" വിൽ പതിമൂന്ന് പ്രവർത്തനയിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഹരിതോദ്യാനം, സർഗ്ഗാത്മകയിടം, ശാസ്ത്രയിടം, വരയിടം, ഗണിതയിടം, ആകാശക്കാഴ്ച , ലോകം വിരൽത്തുമ്പിൽ, ഭാഷാ വികസനയിടം, നിർമ്മാണയിടം, വായനയിടം, സംഗീതയിടം, എന്നിങ്ങനെ വിജ്ഞാനത്തിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് മുൻപിൽ ജ്ഞാനത്തിന്റെ വിശാലമായ ലോകമാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ 'മാമ്പൂ' രൂപകല്പന ചെയ്ത വരടിയം സ്വദേശിയും പട്ടിക്കാട് ഗവ.പൊതുവിദ്യാലയത്തിലെ ചിത്രകലാ അധ്യാപകനുമായ ഹരീഷ് പി.ജിയെ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ് ഉപഹാരം നല്കി ആദരിച്ചു.സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ അമുൽ റോയ് ആർ പി മുഖ്യാഥിതിയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ , ജനപ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ .ടി.വി. മദനമോഹനൻ മാസ്റ്റർ സ്വാഗതവും സ്ക്കൂൾ പ്രധാന അധ്യാപിക സിന്ധു . ഇ.ആർ നന്ദിയും പറഞ്ഞു.വർണാഭമായി അലങ്കരിക്കപ്പെട്ട വിദ്യാലയ അങ്കണം കുരുന്നുകൾക്ക് വിരുന്നേകി.