കലാ അധ്യാപകർക്കുള്ള പരിശീലനം കലാമണ്ഡലത്തിൽ ആരംഭിച്ചു.
തൃശൂർ : സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്വത്തിൽ കലാ അധ്യാപകർക്ക് വേണ്ടിയുള്ള മൂന്ന് ദിവസത്തെ പരിശീലന പരിപാടികൾക്ക് ചെറുതുരുത്തി കലാമണ്ഡലത്തിൽ തുടക്കമായി. കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.പി രാജേഷ് കുമാർ പരിശീലന പരിപാടികൾ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. ഷാജി ബി അധ്യക്ഷത വഹിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി അമ്പതോളം അംഗങ്ങൾ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നു. ബി ആർ സി തലത്തിൽ പ്രവർത്തിച്ചുവരുന്ന സംഗീത ചിത്രകല വിഭാഗത്തിലെ അധ്യാപകർക്കാണ് ആദ്യഘട്ട പരിശീലനം. ചിത്രകല,സംഗീതം,നൃത്തം,അഭിനയം എന്നീ നാലു മേഖലകളിലുമായി കുട്ടിക്ക് ലഭിക്കേണ്ട അറിവുകൾ തികച്ചും നൂതനമായ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി മാറുകയും നാലു മേഖലകളിലും കുട്ടികൾക്കുള്ള കഴിവുകളെ മികവാർന്നതാക്കുകയും പാഠ്യപ്രവർത്തനങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് മികച്ച പൗരന്മാരായി വാർത്തെടുക്കുകയും ചെയ്യുക എന്നതാണ് പരിശീലനം ലക്ഷ്യമാക്കുന്നത്.ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ സെബി പെല്ലിശ്ശേരി സ്വാഗതം ആശംസിച്ചു. കേരള കലാമണ്ഡലം അക്കാദമിക് കോഡിനേറ്റർ കലാമണ്ഡലം ശ്രീ അച്യുതാനന്ദൻ, പ്രിൻസിപ്പൽ ഡോക്ടർ എൻ ഹരികുമാർ,ഡോ. കെ എസ് വാസുദേവൻ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ജോളി ബാബു എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ പ്രീതി എം കുമാർ നന്ദി പറഞ്ഞു. മൂന്ന് ദിവസത്തെ പരിശീലന പരിപാടികൾ 13 സെഷനുകളിലായി വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെയാണ് നടത്തുന്നത്. പരിശീലന പരിപാടികൾക്ക് ഡോ വാസുദേവൻ,കെ എസ് മനോജ് കുമാർ , പി കെ ബി ലാൽ ഹാഷിദ് കെ സി എന്നിവർ നേതൃത്വം നൽകി . സമഗ്ര ശിക്ഷ തൃശ്ശൂർ ജില്ലയാണ് പരിശീലന പരിപാടികൾ ഏകോപിപ്പിക്കുന്നത്.