സ്കിൽ ഡെവലപ്മെൻറ് സെൻറർ - ജില്ലാതല യോഗം
തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം ഔട്ട് ഓഫ് സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്കായി 2022-23 വർഷം സ്റ്റാർസ് പദ്ധതിയിൽ അനുവദിക്കപ്പെട്ട സ്കിൽ ഡെവലപ്മെൻറ് സെന്ററുകൾ സംസ്ഥാനത്തെ ഹയർസെക്കൻഡറി വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ആരംഭിക്കുന്നതിനുവേണ്ടി കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ആലോചനായോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂളുകളിലെ അടിസ്ഥാന സൗകര്യമുറപ്പാക്കൽ,കോഴ്സുകൾ നിശ്ചയിക്കൽ, വിവിധ ഏജൻസികളുടെ ഏകോപനം, പ്രവർത്തന പദ്ധതി തയ്യാറാക്കൽ, തുടങ്ങി പദ്ധതി പ്രകാരം നടപ്പാക്കേണ്ട വിവിധ പരിപാടികളിൽ തീരുമാനം കൈക്കൊള്ളുന്നതിന് വേണ്ടിയായിരുന്നു ആലോചനയോഗം ചേർന്നത്.
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, ചുമതല വഹിക്കുന്ന പ്രോഗ്രാം ഓഫീസർ, ബി ആർ സി ബി പി സിമാർ ,പ്രോജക്റ്റിന്റെ മേഖലാ ചുമതലയുള്ള അധ്യാപകൻ തുടങ്ങിയവർ സന്നിഹിതരായിരുന്ന യോഗത്തിൽ സമഗ്ര ശിക്ഷ കേരളം തിരുവനന്തപുരം ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എസ്. ജവാദ് പദ്ധതി വിശദീകരണം നടത്തി. പദ്ധതി പ്രകാരം എസ്. ഡി.സി. ആരംഭിക്കുവാൻ ജില്ലയിലെ 24 സ്കൂളുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത് ഈ പദ്ധതി നടപ്പിലാവുമ്പോൾ ഓരോ ബി.ആർ.സി.യുടെയും കീഴിൽ കുറഞ്ഞത് ഒരു നൈപുണ്യവികസന കേന്ദ്രങ്ങളെങ്കിലും ആരംഭിക്കണം എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആദിവാസി -തീരദേശ കുട്ടികൾ, അതിഥി തൊഴിലാളികളുടെ കുട്ടികൾ, ഭിന്നശേഷി കുട്ടികൾ, ഔട്ട് ഓഫ് സ്കൂൾ കുട്ടികൾ,നിലവിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ തുടങ്ങി വിവിധ മേഖലകളിലെ കുട്ടികളുടെ നൈപുണി വികാസം ഉറപ്പിക്കുന്നതിനും സ്വന്തമായി ജീവിതോപാധിയായി ഒരു നൈപുണി വികസിപ്പിക്കുന്നതിനും ഇത്തരം കേന്ദ്രങ്ങളിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നു.