ലഹരി വിമുക്ത ക്യാമ്പയിൻ :അധ്യാപകർക്കുള്ള പരിശീലന പരിപാടി മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരിവിമുക്ത ക്യാമ്പയിന്റെ ഭാഗമായി അധ്യാപകർക്കുള്ള പരിശീലന പരിപാടി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം എസ് സി ഇ ആർ ടി ഓഫീസിൽ ഉദ്ഘാടനം ചെയ്തു. ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി നിരവധി പദ്ധതികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.മയക്കുമരുന്ന് വിപത്തിനെതിരെ ബഹുമുഖ കര്‍മ്മ പദ്ധതി ഒക്ടോബര്‍ രണ്ടിന്, ഗാന്ധിജയന്തി ദിനത്തില്‍, ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുന്നോട്ട് പോകുകയാണ്. നവംബര്‍ ഒന്നിനു സംസ്ഥാന തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് സൃഷ്ടിക്കുന്ന ലഹരി വിരുദ്ധചങ്ങല വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തണം. വിദ്യാലയങ്ങളിൽ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ റോള്‍പ്ലേ, സ്കിറ്റ്, കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റര്‍ രചന, തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള പ്രവർത്തനം നടത്തണം.. എന്‍.സി.സി., എസ്.പി.സി., എന്‍.എസ്.എസ്., സ്കൗട്ട് ആന്റ് ഗൈഡ്സ്, ജെ.ആര്.സി., വിമുക്തി ക്ലബ്ബുകള്‍ മുതലായ സംവിധാനങ്ങൾ ക്യാമ്പയിനിന്റെ മുൻനിരയിൽ ഉണ്ടാകണം.
ലഹരി വിമുക്ത ക്യാമ്പയിനിൽ എല്ലാ വിദ്യാർത്ഥികളും പങ്കു ചേരണം.വിവിധ വകുപ്പുകൾ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ദീർഘ നാൾ വിദ്യാർത്ഥികളുടെ ക്ലാസ് മുടങ്ങുന്ന സാഹചര്യം ഉണ്ടാകില്ല എന്ന് സ്കൂൾ അധികൃതർ ഉറപ്പ് വരുത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു.