പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്, എം.എല്.എ, 30/08/2022 – ന് ഉന്നയിച്ചിട്ടുള്ള, "ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്നത് " സംബന്ധിച്ച ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി
2020 ജൂലൈ 29 നാണ് യൂണിയൻ സർക്കാർ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ നയരേഖയുടെ കരട് 2019 ൽ ചർച്ചയ്ക്കായി വിട്ടപ്പോൾ നാളിതുവരെ തുടർന്ന നിലപാടിൽ നിന്ന് ഭിന്നമായി ഈ വിദ്യാഭ്യാസ നയരേഖ ഫെഡറൽ തത്വങ്ങളെയെല്ലാം ദുർബലപ്പെടുത്തി അമിതമായ കേന്ദ്രീകരണത്തിന് വഴി വെക്കുമെന്നും സ്വകാര്യവൽക്കരണത്തിലേക്ക് നയിക്കുമെന്നും വർഗ്ഗീയവൽക്കരണത്തിന് ഇട വരുത്തുമെന്നും സ്കൂൾ വിദ്യാഭ്യാസ കാര്യത്തിൽ നിന്നു പോലും ഭരണകൂടത്തിന്റെ പിൻമാറ്റത്തിന് ഇടവരുത്തുകയും ചെയ്യുമെന്ന ആശങ്ക കേന്ദ്രസർക്കാരിനെ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.ഇതു സംബന്ധിച്ച് കേരളത്തിന്റെ ആശങ്ക അറിയിച്ചുകൊണ്ടുള്ള ഒരു പ്രമേയം കേരള നിയമസഭ 2019 നവംബർ 21 ന് ഐകകണ്ഠേന പാസ്സാക്കുകയും ചെയ്തു.
വൈവിധ്യങ്ങളാൽ സമ്പന്നമായ നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസ രംഗത്തെ എല്ലാ കാര്യങ്ങളിലും കേന്ദ്രീകൃതമാകുന്നത് ഭരണഘടനയുടെ സത്തയ്ക്ക എതിരാണ് എന്നും പാഠപുസ്തകങ്ങൾ പോലും കേന്ദ്രീകൃതമാകണം എന്ന നിർദ്ദേശം ആധുനിക വിദ്യാഭ്യാസ സിദ്ധാന്തങ്ങളോട് ഒത്തു പോകുന്നതല്ലെന്ന് മാത്രവുമല്ല ഇന്ത്യയുടെ ബഹുസ്വരതയെ ഉൾക്കൊള്ളുന്നതിന് വിഘാതമാകുന്ന തരത്തിലുള്ളതുമാണ് എന്ന കാര്യം പ്രസ്തുത പ്രമേയത്തിൽ ഊന്നിപ്പറഞ്ഞിരുന്നത്. ഭരണഘടനാ മൂല്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ അഭിപ്രായ രൂപീകരണം നടത്താൻ സഹായകമാകുന്ന ഒന്നായിരിക്കണം വിദ്യാഭ്യാസരംഗം എന്നും മതനിരപേക്ഷ ജനാധിപത്യ ഫെഡറൽ സമീപനങ്ങളെ ശക്തിപ്പെടുത്തുന്നതായിരിക്കണം അതിലെ കാഴ്ചപ്പാടുകൾ എന്ന നമ്മുടെ നിലപാട് പ്രസ്തുത പ്രമേയത്തിന്റെ ഭാഗമായിരുന്നു. നമ്മുടെ ആശങ്കകൾ നയപ്രഖ്യാപനത്തിന് ശേഷവും യൂണിയൻ സർക്കാരിനെ അറിയിച്ചിരുന്നു.
വിദ്യാഭ്യാസ നയം എങ്ങനെ, എപ്പോൾ, ആര് നടപ്പാക്കും എന്നൊക്കെ വ്യക്തമാക്കിക്കൊണ്ട് 'സാർത്ഥക്' എന്ന പേരിൽപ്രവർത്തനപദ്ധതിയും കേന്ദ്ര സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. സാധാരണയായി ദേശീയ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി ചട്ടക്കൂട് ഉണ്ടാക്കി ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതകൾ ഉൾച്ചേർത്ത് സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കാനാണ് ആവശ്യപ്പെടുക പതിവ്. അങ്ങനെയാണ് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2005 നെ തുടർന്ന് കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 വികസിപ്പിച്ചതും അതനുസരിച്ചുള്ള പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും കേരളം തയ്യാറാക്കിയതും. ഇതിൽ നിന്നും ഭിന്നമാണ് കേന്ദ്രം ഇപ്പോൾ കൈക്കൊള്ളുന്ന സമീപനം.കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ പല നിർദ്ദേശങ്ങളും കേരളം മുമ്പെ നേടിയെടുത്തതാണ്. കുട്ടികളുടെ സ്കൂൾ പ്രാപ്യത, പഠന തുടർച്ച എന്നിവ നമ്മെ സംബന്ധിച്ചിടത്തോളം ഗൗരവമേറിയ പ്രശ്നമല്ല.എന്നാൽ ദേശീയ അടിസ്ഥാനത്തിൽ ഇത് ഗൗരവമേറിയ പ്രശ്നമാണ്. ദേശീയ വിദ്യാഭ്യാസനയം 2020 ൽ പരിഗണിക്കേണ്ടുന്ന നിർദ്ദേശങ്ങളുണ്ട്. പ്രീ സ്കൂൾ ഗൗരവമായി കാണുന്നതും അത് സംബന്ധിച്ച് നടത്തിയ നിരീക്ഷണങ്ങളും കേരളമടക്കം ശ്രദ്ധിക്കേണ്ട കാര്യമാണ്. പക്ഷേ ഇതെങ്ങനെ നടപ്പാക്കും എന്നത് നയരേഖയിലോ തുടർന്ന് പ്രഖ്യാപിച്ച പ്രവർത്തന പദ്ധതിയിലോ കാണുന്നില്ല. ഓരോ കുട്ടിയുടെയും കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കും എന്ന നയത്തിലെ സമീപനത്തെ സ്വാഗതം ചെയ്യാവുന്നതാണ്. പക്ഷേ അതേ നയരേഖ തന്നെ 3 മുതൽ 18 വയസ്സു വരെയുള്ള വിദ്യാഭ്യാസ പ്രാപ്യത മാത്രമേ പറയുന്നുള്ളൂ. അതിനർത്ഥം വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നിലവിൽ 6 മുതൽ 14 വയസ്സു വരെയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന നിലപാടിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങുന്നു എന്നതാണ്. ഇതിനോട് യോജിക്കാൻ കഴിയില്ല. മനപാഠം പഠിക്കുന്നതും പരീക്ഷയ്ക്ക് വേണ്ടി മാത്രം പഠിക്കുന്നതും നിരുത്സാഹപ്പെടുത്തും ആശയ ഗ്രഹണത്തെ പ്രോത്സാഹിപ്പിക്കും എന്ന് നയരേഖ പറയുന്നു. എന്നാൽ അതേ നയരേഖ തന്നെ പത്ത്, പന്ത്രണ്ട് ക്ലാസുകൾക്കു പുറമെ 3, 5, 8 ക്ലാസുകളിൽ പൊതുപരീക്ഷകൾ വിഭാവനം ചെയ്യുന്നു. ഇതും പരസ്പര വിരുദ്ധമായ സമീപനമാണ്. വിദ്യാഭ്യാസപരമായി ഇതുവരെ കൈക്കൊണ്ട നയങ്ങളോടൊത്ത് പോകാത്തതാണ്. കരിക്കുലത്തിൽ വൈവിധ്യങ്ങളെയും പ്രാദേശിക സാധ്യതകളെയും പ്രോത്സാഹിപ്പിക്കും എന്ന് ഒരു ഭാഗത്ത് പറയുന്നു.
അതേ സമയത്ത് പ്രാദേശിക അംശങ്ങൾ ഉൾക്കൊള്ളുന്ന ദേശീയ പാഠപുസ്തകവും മൂല്യനിർണയവും നടത്തുമെന്നും നയരേഖയുടെ മറ്റൊരിടത്ത് പറയുന്നു. ഇങ്ങനെയുള്ള പരസ്പരം യോജിക്കാത്ത ഒട്ടേറെ പ്രസ്താവനകൾ നയരേഖയിൽ ഉണ്ട്. ജനാധിപത്യം, മതനിരപേക്ഷത, സ്ഥിതി സമത്വം എന്നിവയെ ദേശീയ വിദ്യാഭ്യാസ നയരേഖ പൂർണ്ണമായും തമസ്കരിക്കുന്നു. ഈ പശ്ചാത്തലത്തിൽ മാത്രമേ നയരേഖയെ നമുക്ക് കാണാൻ കഴിയൂ. കേരളം ഭരണ ഘടന മുന്നോട്ടു വെച്ച ഫെഡറൽ സംവിധാനത്തെ അംഗീകരിക്കുക എന്ന സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ ദേശീയ നയത്തിലെ ജനവിരുദ്ധ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെ അക്കാദമികമായും സാമൂഹികമായും എതിർക്കാൻ നമുക്ക് കഴിയണം. അതേ സമയത്ത് വിദ്യാഭ്യാസരംഗത്ത് കേരളത്തിന്റെ സവിശേഷത ഉൾക്കൊണ്ട് മുന്നേറാനും നമുക്ക് കഴിയേണ്ടതുണ്ട്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2005 - ന്റെ തുടർച്ചയായി കേരളം വിപുലമായ ജനകീയ ചർച്ചകളിലൂടെ രൂപീകരിച്ച സമഗ്രമായ വിദ്യാഭ്യാസ രേഖയാണ് കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007. ഇതിൽ സ്കൂൾ വിദ്യാഭ്യസത്തിൽ കേരളം സ്വീകരിക്കുന്ന പുരോഗമനപരമായ നിലപാടുകളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സാർവത്രിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതോടൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുകയും പ്രധാനമാണ്. കേരളത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങളിൽ പ്രധാനം ഇന്ത്യയുടെ ഭരണഘടന മുന്നോട്ടു വെച്ച സ്വാതന്ത്ര്യവും പരമാധികാരവും മതനിര പേക്ഷതയും ജനാധിപത്യവും സ്ഥിതി സമത്വവും അരക്കിട്ടുറപ്പിക്കാൻ കരുത്തുള്ള ഒരു സമൂഹ നിർമ്മിതിയാണ്.
സാമൂഹിക നീതി, പൗരത്വബോധം, ദേശീയ ബോധം, ശാസ്ത്രീയ മനോഭാവം, പാരിസ്ഥിതിക അവബോധം, അറിവിന്റെ നിർമ്മാണം തുടങ്ങിയവയും വിദ്യാഭ്യാസ ലക്ഷ്യങ്ങളാണ്. ഈ അടിസ്ഥാന വിദ്യാഭ്യാസ നയത്തിലൂന്നിയാണ് കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നത്. നിലവിൽ പാഠ്യപദ്ധത ചട്ടക്കൂട് രൂപീകരണ ശ്രമങ്ങളിലാണ് നാം. കേരളം സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കൈക്കൊള്ളുന്ന നിലപാടുകൾ സ്വാഭാവികമായും പ്രസ്തുത രേഖയുടെ ഭാഗമാകും. വിപുലമായ ജനകീയ ചർച്ചകളിലൂടേയും സംവാദങ്ങളിലൂടേയും കേരളത്തിന്റേതായ ഒരു തനത് പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഭരണഘടനാമൂല്യങ്ങളിൽ അധിഷ്ഠിതമായി കേരളം നാളിതുവരെ പിന്തുടർന്ന നയത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്താതെയാകും സ്കൂൾ വിദ്യാഭ്യാസത്തിൽ കേരളത്തിന്റെ നയസമീപനവും പ്രവർത്തനപദ്ധതികളും രൂപീകരിക്കുക.