സർവ്വ വിജ്ഞാന കോശം വജ്ര ജൂബിലി ആഘോഷം ; ജില്ലാതല ക്വിസ് മത്സരം
തിരുവനന്തപുരം: സർവവിജ്ഞാന കോശം കേരള ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷാ കേരളം തിരുവനന്തപുരം ജില്ലാ നടത്തിയ ജില്ലാതല ക്വിസ് മത്സരം സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ.സുപ്രിയ എ. ആർ. ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് സ്വന്തം വിശകലന ബുദ്ധി ഉപയോഗിച്ച് കാര്യങ്ങളെ മനസ്സിലാക്കാനും വിവരങ്ങൾ ശേഖരിക്കാനും കഴിയണമെന്നും ജീവിതത്തിൽ മത്സരബുദ്ധി സൂക്ഷിക്കണമെന്നും ഉയരങ്ങളിൽ എത്തണമെന്നും എസ് എസ് കെ ഡയറക്ടർ പറഞ്ഞു. അറിവ് ആയുധമാണെന്നും ആവശ്യമായ സന്ദർഭങ്ങളിൽ ആ ആയുധം വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയണമെന്നും സർവ്വവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യുസ് മേരി ജോർജ് തന്റെ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. പന്ത്രണ്ട് സബ് ജില്ലകളിൽ നിന്നായി ഇരുപത്തിനാല് വിദ്യാർത്ഥികൾ ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. എഴുത്തു പരീക്ഷയുടെ രീതിയിലാണ് മത്സരം നടത്തിയത്.കുമാരി നിള രാജു( ജി. എച്ച്.എസ്. ഇളമ്പ) ഒന്നാം സ്ഥാനവും മാസ്റ്റർ ആത്രേയൻ ( ജി. എച്ച്. എസ്. മിതൃമല) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചോദ്യങ്ങൾ അടങ്ങിയ ബുക്ക് ലെറ്റുകൾ കുട്ടികൾക്ക് വിതരണം ചെയ്തു. ജില്ലാതലത്തിലെ വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കും. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുത്തതിനുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ പ്രോഗ്രാം കോഡിനേറ്റർ എസ്.ജവാദ് സ്വാഗതം ആശംസിച്ച പരിപാടിയിൽ സർവ്വ വിജ്ഞാന കോശം വജ്ര ജൂബിലി കൺവീനർ അനിരുദ്ധൻ, ജില്ലാ പ്രോഗ്രാം ഓഫീസർ എസ്. സന്ധ്യ , സർവ്വ വിജ്ഞാന കോശം അസിസ്റ്റൻറ് എഡിറ്റർ ഡോ. പി. സുവർണ്ണ തുടങ്ങിയവർ സന്നിഹിതരായിരുന്നു.