പൊന്നോണത്തെ വരവേറ്റ് 'ഓണച്ചങ്ങാതിമാർ'
തിരുവനന്തപുരം: നാടെങ്ങും ഓണത്തിമിര്‍പ്പിലേക്ക് പടരുമ്പോള്‍ വീടുകള്‍ക്കുള്ളിലും തങ്ങളുടെത് മാത്രമാകുന്ന ചില ട്രെയിനിംഗ് സെന്ററുകള്ക്കുള്ളിലുമായി ചുരുങ്ങുമായിരുന്ന ഒരു വിഭാഗത്തെ ചേര്‍ത്തു നിര്‍ത്തുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം. ഭിന്നശേഷികുട്ടികളുടെ വീടുകള്‍ തേടി അവരവരുടെ സ്കൂളുകളിലെ ഒപ്പം പഠിക്കുന്ന കൂട്ടുകാരും ടീച്ചര്‍മാരും ഓണസമ്മാനങ്ങളും മധുരവുമായി എത്തുന്നു. വീട്ടുകാര്‍ക്കൊപ്പം ഊഞ്ഞാലാടിയും ഓണക്കളികളിച്ചും ഓണപ്പാട്ട് പാടിയും അവര്‍ ആഹ്ലാദാന്തരീക്ഷത്തില്‍ അലിയുന്നു. സമഗ്രശിക്ഷാ കേരളം ഓണക്കാലത്ത് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ഓണച്ചങ്ങാതിക്കൂട്ടം ശ്രദ്ധേയമാകുകയാണ്. ജില്ലാതലത്തിലും ബി.ആര്.സിതലത്തിലും സംഘടിപ്പിച്ച് വരുന്ന പരിപാടി ഇതിനോടകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പൂര്ണ്ണമായുംകിടപ്പിലായിട്ടുള്ള കുട്ടികളും ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം മാത്രം ചെയ്ത്വരുന്ന കുട്ടികള്‍ക്കും ഈ കൂട്ടായ്മ ചെറുതല്ലാത്ത ആശ്വാസമാണ് നല്‍കുക. ചങ്ങാതിക്കൂട്ടത്തിന്റെ ആഘോഷങ്ങള്‍ വലിപ്പചെറുപ്പ വ്യത്യാസമില്ലാതെ കുടുംബാങ്ങളോടൊപ്പം ചേര്‍ന്ന് നടക്കുമ്പോള്‍ മാനസിക ഉല്ലാസത്തിനും ശാരീരികമായ വീണ്ടെടുപ്പിനും ഏറെ പ്രയോജനകരമാകുന്ന ഈ പരിപാടിയുടെ പൂര്‍ണ്ണ ചുമതല സമഗ്രശിക്ഷ കേരളത്തിനാണ്. ഓണപ്പൂക്കളവും, ഓണപ്പാട്ടും, ഓണക്കളികളും, ഓണസദ്യയും, ഓണക്കോടിയും, ഓണസമ്മാനവുമായി നിറഞ്ഞ സന്തോഷത്തോടെ ഓണമാഘോഷിച്ച് ചങ്ങാതിക്കൂട്ടം മറ്റൊരു കുട്ടിയുടെ വീട്ടിലേക്ക് തുടര്‍ ദിവസങ്ങളില്‍ എത്തിച്ചേരുന്നു. വിദ്യാലയങ്ങള്‍ തുറക്കുന്ന ദിനം വരെ ഓണാഘോഷ ദിനങ്ങളില്‍ ഓണച്ചങ്ങാതിക്കൂട്ടം ഇവര്‍ക്കൊപ്പം ഉണ്ടാകും.