മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തി;പാഠപുസ്തകത്തിന്റെ കോപ്പി മന്ത്രി വി ശിവൻകുട്ടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് കൈമാറി
തിരുവനന്തപുരം : മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തി. ഒന്ന്,രണ്ട് ക്ളാസുളിലെ രണ്ടാം വാല്യം പുസ്തകത്തിലാണ് അക്ഷരമാല ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് തുടങ്ങി.മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തണമെന്ന ആവശ്യം വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, പ്രൊഫസർ എം എൻ കാരശ്ശേരി തുടങ്ങിയവരടക്കം ഉന്നയിച്ചിരുന്നു. ഇക്കൊല്ലം തന്നെ മലയാളം അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി ഉറപ്പു നൽകുകയും ചെയ്തിരുന്നു.പാഠപുസ്തകത്തിന്റെ കോപ്പി മന്ത്രി വി ശിവൻകുട്ടി അടൂർ ഗോപാലകൃഷ്ണന് കൈമാറി. അടൂർ ഗോപാലകൃഷ്ണന്റെ തിരുവനന്തപുരം ആക്കുളത്തെ വീട്ടിലെത്തിയാണ് പാഠപുസ്തകത്തിന്റെ കോപ്പി മന്ത്രി കൈമാറിയത്. അക്ഷരമാല മലയാളം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന വാക്ക് മന്ത്രി പാലിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. മാതൃഭാഷാ പ്രചാരണത്തിന് മന്ത്രി മുൻകൈയെടുത്ത് കൂടുതൽ പദ്ധതികൾ ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും അടൂർ ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ളവരോട് നൽകിയ വാക്ക് പാലിക്കാനായതിൽ സന്തോഷമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചു.