'സ്കൂൾ വെതർ സ്റ്റേഷനുകൾ രാജ്യത്തിനു മാതൃകയാകുന്ന പദ്ധതി' മന്ത്രി. വി.ശിവൻകുട്ടി
കൊല്ലം(വയലാ):
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം സംസ്ഥാനത്തെ 240 പൊതുവിദ്യാലയങ്ങളിൽ സ്ഥാപിക്കുന്ന സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. കൊല്ലം ജില്ലയിലെ ഡോ. വയലാ വാസുദേവൻ പിള്ള മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ ആദ്യ വെതർ സ്റ്റേഷൻ പ്രവർത്തന ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പൊതുവിദ്യാലയങ്ങൾ ആധുനിക വൽക്കരിക്കപ്പെടുകയാണെന്നും സാങ്കേതികവും ശാസ്ത്രീയവുമായ വിവിധതരം ഉപകരണങ്ങളുടെ സഹായത്താൽ കുട്ടികൾക്ക് ശാസ്ത്രലോകത്തെ അടുത്തറിയാൻ കഴിയുന്ന തരത്തിൽ നിരവധി പ്രവർത്തനങ്ങൾക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജില്ലകളിലെ പൊതുവിദ്യാലയങ്ങളിൽ ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതാത് പ്രദേശത്തെ ദിനാന്തരീക്ഷസ്ഥിതി യും കാലാവസ്ഥയും കൃത്യമായും മുൻകൂട്ടിയും കുട്ടികൾക്ക് തന്നെ പരിശോധിക്കാനും ഡാറ്റ തയ്യാറാക്കുന്നതിനും കഴിയുന്നു എന്നതാണ് സ്കൂൾ വെതർ സ്റ്റേഷനുകളുടെ നിർമ്മാണത്തോടെ സാധ്യമാകുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 240 എണ്ണമാണ് സ്ഥാപിക്കുന്നത്.കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (IMD), കോഴിക്കോട് ആസ്ഥാനമായ CWRDM, കേരള ദുരന്ത നിവാരണ അതോറിറ്റി (KSDMA)എന്നിവരുടെ മാര്‍ഗനിര്‍ദേശങ്ങളും സഹായ സഹകരണങ്ങളും വെതര്‍ സ്റ്റേഷനുകള്‍ക്ക് ലഭിക്കുന്നുണ്ട്. ഇതിൻറെ തുടർച്ചയെന്നോണം വരുന്ന അക്കാദമിക് വർഷം കൂടുതൽ പൊതുവിദ്യാലയങ്ങളിൽ ഇവ സ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാറിമാറിവരുന്ന അന്തരീക്ഷ സന്തുലിതാവസ്ഥ മനസ്സിലാക്കുന്നതിനും സ്കൂൾ വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നതിലൂടെ പൊതുവിദ്യാലയങ്ങളുടെ സമീപപ്രദേശത്തെ കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനും കാർഷികവൃത്തിക്ക് സഹായകരമാകുന്ന ഇടപെടൽ നടത്തുന്നതിനും വെതർ സ്റ്റേഷനുകളുടെ പ്രവർത്തനം കൊണ്ട് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി അധ്യക്ഷതവഹിച്ചു. ചടങ്ങിന് സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ. ആർ സ്വാഗതം പറഞ്ഞു. സ്കൂൾ വെതർ സ്റ്റേഷൻ മാർഗരേഖ പ്രകാശനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സാം.കെ. ഡാനിയൽ നിർവഹിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതിക വിദ്യാധരൻ , ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുമാരി സി അമൃത ,ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത് , ആർ ഡി ഡി(ഹയർസെക്കൻഡറി) ലിസി. ജെ, VHSE അസിസ്റ്റൻറ് ഡയറക്ടർ ചിത്ര ഒ.എസ് , എസ്. എസ്. കെ സംസ്ഥാന പ്രോഗ്രാം ഓഫീസർ സുരേഷ് കുമാർ എ. കെ, ഡി പി സി അനിത എച്ച് .ആർ തുടങ്ങിയവർ സംസാരിച്ചു. സ്റ്റുഡൻറ് പോലീസ് കേഡറ്റ്സ്, ജെ ആർ സി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിന് ആതിഥ്യമരുളി. സ്കൂൾ പ്രിൻസിപ്പൽ ഷീജ നന്ദി പറഞ്ഞു.