സമഗ്രശിക്ഷാ കേരളയുടെ ആസ്ഥാന മന്ദിരത്തിന്റയും,നിലമ്പൂരിലെ റസിഡന്‍ഷ്യല്‍ ഹോസ്റ്റലിന്റെയും ;നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ടു;വിദ്യാഭ്യാസ കാര്യാലയങ്ങള്‍ അക്കാദമിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവാകണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി
സമഗ്രശിക്ഷാ കേരളം, സംസ്ഥാന കാര്യാലയത്തിന്റെയും മലപ്പുറം നിലമ്പൂരിൽ നിർമ്മിക്കുന്ന റെസിഡൻഷ്യൽ ഹോസ്റ്റലിൻ്റേയും നിർമാണ പ്രവർത്തനങ്ങ ളുടെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. തിരുവനന്തപുരം ചാല ഗവ. ഹൈസ്കൂള്‍ പരിസരത്താണ് സംസ്ഥാന കാര്യാലയം നിര്‍മിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളത്തിന് ഒരാസ്ഥാന മന്ദിരം പണിയുക എന്നത് ഏറെക്കാലത്തെ ആവശ്യമാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ സാധിച്ചത് പ്രാധാന്യമര്‍ഹിക്കുന്ന നടപടിയാണെന്ന് മന്ത്രി.വി.ശിവന്‍കുട്ടി പറഞ്ഞു.
നിലമ്പൂര്‍ ആദിവാസി ഗോത്രമേഖലയില്‍ നിന്നുള്ള ചോലനായ്ക്കര്‍, കാട്ടനായ്ക്കര് വിഭാഗത്തിലെ ആണ്‍കുട്ടികളെ അധിവസിപ്പിച്ച് പഠിപ്പിക്കുന്നതിനുമായി നിര്‍മിക്കുന്ന റസിഡന്‍ഷ്യല്‍ ഹോസ്റ്റലിന്റെ നിര്‍മാണ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ് ആദിവാസി-വനവാസി വിഭാഗങ്ങളുടെ സമൂലമായ ഉന്നമനമെന്നും അവരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വലിയൊരു ചുവട് വെയ്പായി ഹോസ്റ്റല്‍ മാറട്ടെയെന്നും മന്ത്രി ആശംസിച്ചു.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളും അവയുടെ ആസ്ഥാനങ്ങളും അക്കാദമികപ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
സമഗ്രശിക്ഷയ്ക്കായി നിര്‍മിക്കുന്ന സംസ്ഥാന കാര്യാലയത്തില്‍ അക്കാദമിക-അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന ആധുനിക സാങ്കേതിക തികവ് ഉണ്ടായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 22,675 ചതുരശ്ര വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന സംസ്ഥാന മന്ദിരത്തിൽ ഭാഷാ ലാബുകൾ, ഡിജിറ്റൽ ലൈബ്രറി, കോൺഫറൻസ് ഹാളുകൾ, സോളാർ എനർജിയിൽ വൈദ്യുതീകരണം തുടങ്ങിയ പ്രത്യേകതകൾ നിറഞ്ഞതാണ്. എസ്. എസ്. കെയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.72കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന റെസിഡൻഷ്യൽ ഹോസ്റ്റലിൽ 50ഓളം ആൺകുട്ടികൾക്കാണ് താമസിച്ച് പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നത്. സമഗ്ര ശിക്ഷാ കേരളം ഡയറക്ടര്‍ ഡോ.സുപ്രിയ.എ.ആര്. സ്വാഗതം പറഞ്ഞു. എസ്.സി.ഇ.ആര്.ടി. ഡയറക്ടര്‍ ഡോ.ആര്.കെ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ടി.ശിവരാജന്, സ്കോള്‍ കേരള വൈസ് ചാന്‍സലര്‍ ഡോ.പി.പ്രമോദ്, സാക്ഷരതാ മിഷന് ഡയറക്ടര്‍ എ.ജി.ഒലീന, ഗുരുഗോപിനാഥ് നടനഗ്രാമം വൈസ് ചെയര്മാന് കരമന ഹരി, മുന്‍ കൗണ്‍സിലര്‍ പുഷ്പലത, ജയിൽ കുമാര്‍, ഡി പി സി ബി.ശ്രീകുമാരന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അഡീഷണല്‍ ഡയറക്ടര്‍ ആര്.എസ്. ഷിബു ചടങ്ങിന് നന്ദി പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചുമതലക്കാരടക്കം സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന, ജില്ലാ ഓഫീസ് ജീവനക്കാരും പ്രവര്‍ത്തകരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.