പ്രതിഭാ പോഷണം- 'ഫ്ലാഷ് മോബ് സംഘടിപ്പിച്ചു' .
By പ്രതിഭാ പോഷണം- 'ഫ്ലാഷ് മോബ് സംഘടിപ്പിച്ചു' .
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ, കേരളയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി മേഖലയിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി.
പ്രതിഭാ പോഷണം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് മുന്നോടിയായി സമഗ്ര ശിക്ഷാ, കേരളം തിരുവനന്തപുരം ജില്ലാ ഓഫീസിൻ്റെ നേതൃത്വത്തിൽ തമ്പാനൂർ ബസ് ടെർമിനലിന് മുന്നിൽ നടന്ന ഫ്ലാഷ് മൊബിൽ സൗത്ത് ,നോർത്ത് ബി ആർ സി യിലെ കുട്ടികൾ പങ്കെടുത്തു. പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷി കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും ബി ആർ സിതലങ്ങളിൽ പരിശീലനം നൽകി വരുന്നുണ്ട്. സമഗ്ര ശിക്ഷ കേരളയുടെ സ്പെഷ്യലിസ്റ്റ് അധ്യാപകർ ,സ്പെഷ്യൽ ട്രെയിനേഴ്സ്, കോഡിനേറ്റർമാർ, സേവന സന്നദ്ധരായ അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പരിശീലനങ്ങൾ നൽകി വരുന്നത്. ചിത്രരചന, ഡാൻസ് ,സംഗീതം ,അഭിനയം തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആത്മവിശ്വാസം വളർത്തുന്നതിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സഹായിക്കുന്ന പരിപാടിയായ 'പ്രതിഭാ പോഷണത്തിൻ്റെ' സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നാളെ വൈകുന്നേരം 5മണിക്ക് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിക്കുന്നു. എസ്. എസ്. കെ തയ്യാറാക്കിയ 'വിദ്യാഭ്യാസവും കുട്ടികളുടെ അക്കാദമിക നിലവാരവും- ഒരു പഠനം ' എന്ന റിപ്പോർട്ടിൻ്റെ പ്രകാശനവും തദവസരത്തിൽ ഉണ്ടാകും. ഭിന്നശേഷി കൂട്ടുകാരിയായ കാഴ്ച പരിമിതിയുള്ള പാലോട് തൊളിക്കോട് ഹയര്‍സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നൂറാ ഫാത്തിമ എഴുതിയ പുസ്തകവും പ്രകാശനം ചെയ്യും . ഭിന്നശേഷി കൂട്ടുകാര്‍ വരച്ച ചിത്രങ്ങളുടെയും, നിര്‍മ്മിച്ച വസ്തുക്കളുടെയും പ്രദര്‍ശനവും , കുട്ടികള്‍ നിര്‍മ്മിച്ച സാധനസാമഗ്രികളുടെ വിപണന മേളയും സംഘടിപ്പിച്ചിട്ടുണ്ട്. ഓട്ടിസം കുട്ടികളുടെ ബാന്റ് മേളത്തോടെ നാളെ വൈകുന്നേരം 5 മണിക്ക് തൈക്കാട് ഗവ.ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ പരിപാടികള്‍ ആരംഭിക്കും.