'സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; ആഹ്ളാദതിമിര്‍പ്പില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍'
തിരുവനന്തപുരം: കൊട്ടിക്കയറിയ ചെമ്പടതാളത്തിന്റെ അലയൊലിയിലും പുത്തനുടുപ്പും മാസ്കും ധരിച്ച് അമ്പരപ്പോടെ ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ച കുരുന്നുകളും തിങ്ങി നിറഞ്ഞ സദസ്സിനെയും സാക്ഷിയാക്കി സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. മതേതര കാഴ്ചപ്പാടുള്ള ഒരു പൊതുസമൂഹത്തെ സൃഷ്ടിക്കുവാനും നാടിന്റെ പുരോഗതിയെ മുന്നോട്ട് നയിക്കുവാനും സാങ്കേതികതയിലൂന്നിയ വിദ്യാഭ്യാസ കാഴ്ചപ്പാടിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. നാളെയുടെ കരുത്താകാനും വരും തലമുറയെ ചിട്ടയായി വാര്‍ത്തെടുക്കുവാനും വേണ്ടി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രവര്ത്തനങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന വികസനം സാധ്യമാക്കാന്‍ കഴിഞ്ഞു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രവേശനോത്സവ ഗാനവും നവാഗതരെ സ്വാഗതം ആശംസിച്ചുള്ള ദൃശ്യങ്ങളും ചടങ്ങിന് മോടികൂട്ടി . സദസ്സിനോപ്പം കയ്യടിച്ചും ആർത്തുവിളിച്ചും ബലൂൺ പറത്തിയും കളികളിൽ ഏർപ്പെട്ടും തലപ്പാവണിഞ്ഞ കുട്ടിപട്ടാളങ്ങൾ ; ഓട്ടൻതുള്ളലിനൊപ്പം താളം പിടിച്ചും കുട്ടികൾ അവതരിപ്പിച്ച സംഗീത ദൃശ്യാവിഷ്കാരങ്ങൾക്കൊപ്പം ഡാൻസ് കളിച്ചും തിമിർത്തു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സദസ്സിലിരുന്ന് പരിപാടികൾ ഏറെ നേരം ആസ്വദിച്ചു. മഴ മാറി നിന്ന് അനുഗ്രഹിച്ച പ്രവേശനോത്സവ വേദിയെ അകത്തും പുറത്തും നിയന്ത്രിച്ചത് സ്റ്റുഡൻറ് പോലീസ് കേഡറ്റ്സും എൻ.സി.സിയും ചേർന്നായിരുന്നു . വീൽ ചെയറിൽ എത്തിയ ഭിന്നശേഷി കുട്ടി മാജിക് കാട്ടി കയ്യിലെടുത്ത ചുവന്നപുഷ്പം നൽകിയാണ് മുഖ്യമന്ത്രിയെ വേദിയിലേക്ക് എതിരേറ്റത്. മറ്റു വിശിഷ്ട അതിഥികളെയും കുട്ടികൾ പുഷ്പങ്ങൾ നൽകി സ്വീകരിച്ചു. ഇക്കൊല്ലത്തെ അക്കാദമിക കലണ്ടർ മുഖ്യമന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു. ചടങ്ങിനെത്തിയവർക്കെല്ലാം പായസവും സംഘാടകർ ഒരുക്കിയിരുന്നു.തിരുവനന്തപുരം കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്ററി സ്കൂളിലായിരുന്നു ഇത്തവണത്തെ സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങുകള്‍ അരങ്ങേറിയത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനങ്ങളില്‍ സജീവമായ പൊതുവിദ്യാലയങ്ങളില്‍ മുതിര്‍ന്ന കുട്ടികള്‍ക്ക് മാത്രമായിരുന്നു നേരിട്ടുള്ള പഠനം സാധ്യമാക്കിയിരുന്നത്. മാര്‍ച്ച് ആദ്യം പ്രൈമറി തലത്തില്‍ പഠനം ആരംഭിച്ചെങ്കിലും പുതിയ അക്കാദമിക ദിനം മുതല്‍ പൂര്‍ണ്ണരൂപത്തിലുള്ള പഠനത്തിന് ഇതോടെ ആരംഭമാകുകയാണ്. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റര്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഓക്സാര്‍ അവാര്‍ഡ് ജേതാവും മികച്ച ശബ്ദലേഖകനുമായ റസൂല്‍ പൂക്കൂട്ടി, കഴക്കൂട്ടം എം.എല്‍.എ കടകംപള്ളി സുരേന്ദ്രന്, വി.കെ പ്രശാന്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ്കുമാര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് സ്വാഗതമാശംസിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ നവ്ജ്യോത്ഖോസ് ഐ.എ.എസ,് എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്.കെ., കൈറ്റ് സി.ഇ.ഒ. അന്‍വര്‍ സാദത്ത് കെ, എസ്.ഐ.ഇ.റ്റി ഡയറക്ടര്‍ ബി. അബുരാജ്, സ്കോള്‍ കേരള വൈസ് ചെയര്മാന് ഡോ. പി. പ്രമോദ്, എസ്.എസ്.കെ അഡീ.ഡയറക്ടർ ഷിബു ആർ.എസ്, വാര്‍ഡ് കൗണ്‍സിലര്‍ കവിത എല്‍.എസ്, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു.കെ ഐ.എ.എസ് ചടങ്ങിന് നന്ദി പറഞ്ഞു.