വായനച്ചങ്ങാത്തം സ്വതന്ത്ര എഴുത്ത്- വായന പരിപോഷണ പരിപാടി
എഴുത്തിലും വായനയിലും വസന്തം തീര്‍ക്കാന്‍ 'വായനച്ചങ്ങാത്തം'
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖത്തില്‍ സമഗ്രശിക്ഷാ കേരളം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ കുട്ടികളുടെ വായന-എഴുത്ത് ശേഷികള്‍ വികസിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന സവിശേഷ പരിപാടിയായ 'വായനാച്ചങ്ങാത്തത്തിന്' സ്കൂള്‍ തലങ്ങളില്‍ പ്രിയമേറുന്നു. കോവിഡ് മഹാമാരിയുടെ ഫലമായി കുട്ടികള്‍ ഒന്നരവര്ഷക്കാലത്തേറെയായി വീടുകളില്‍ തന്നെ കഴിയേണ്ടി വന്ന സാഹചര്യത്തില്‍ ഭാഷാപരമായ നൈപുണികളില്‍ പ്രത്യേകിച്ചും വായനയിലും, എഴുത്തിലും വലിയ വിടവുകള്‍ സംഭവിച്ചിരിക്കുകയാണ്. ഈ പ്രശ്നത്തെ മറികടക്കുന്നതിനുള്ള രക്ഷാകര്‍തൃ വിദ്യാര്‍ത്ഥി അധ്യാപക കേന്ദ്രീകൃത പ്രത്യേക പരിപാടിയാണ് എല്ലാ പൊതുവിദ്യാലയങ്ങളിലുമായി നടന്നു വരുന്നത്. വിദ്യാലയ പഠനാനുഭവങ്ങള്‍ വീട്ടില്‍ത്തന്നെ അനുഭവേദ്യമാകുന്ന തരത്തിലാണ് 'വായനച്ചങ്ങാത്തം' നടപ്പിലാക്കുന്നത്.
പ്രാധാന പ്രവര്‍ത്തനങ്ങള്‍
*രക്ഷിതാക്കളെക്കൂടി സജ്ജമാക്കിക്കൊണ്ടുള്ള പഠന- പഠനേതര പ്രവര്‍ത്തന പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
*ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികളേയും (ഏത് മാധ്യമത്തിലുള്ളവരായാലും) മാതൃഭാഷയില്‍ എഴുതാനും വായിക്കാനും കഴിവുള്ളവരാക്കി മാറ്റുന്നു.
*കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും രചനാപരമായ കഴിവുകള്‍ പ്രയോജനപ്പെടുത്തി പ്രാദേശികമായി വായനാസാമഗ്രികള്‍ വികസിപ്പിക്കുന്നു.
*വായനയുടെ വിവിധ തലങ്ങളായ വിശകലനാത്മക വായന, വിമര്‍ശനാത്മക വായന തുടങ്ങിയവ കുട്ടികളെ പരിചയപ്പെടുത്തുന്നു.
*സമഗ്രശിക്ഷാ കേരളം അച്ചടിച്ച് വിതരണം ചെയ്തിട്ടുള്ള കുന്നിമണികള്‍, പൂന്തോണി, പവിഴമല്ലി, രസത്തുള്ളികള്‍ എന്നീ പുസ്തകങ്ങള്‍ വീടുകളില്‍ എത്തിച്ചിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ചുള്ള പഠന-പഠനേതര പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കള്‍ കൂടി പങ്കാളികളാകുന്നു.
ഓണ്‍ലൈന്‍ കാലത്തെ പഠന രീതിയുടെ വിരസതയകറ്റി പൊതുവിദ്യാലയ അന്തരീക്ഷം വീട്ടിലൊരുക്കി വീട്ടിലൊരു ലൈബ്രറി പദ്ധതി, കുട്ടികളുടെ വായന- എഴുത്ത് തുടങ്ങിയവയിലെ വൈവിധ്യം കണ്ടെത്തുന്നതിന് അക്ഷരക്കൂട്ട് (കുട്ടികളുടെ രചനോത്സവം) രക്ഷിതാക്കളുടെ രചനകളെ കൂട്ടിച്ചേര്‍ക്കുന്ന അക്ഷരപ്പകിട്ട്, തുടങ്ങിയ പരിപാടികളും വായനച്ചങ്ങാത്തത്തില് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഇംഗ്ലീഷ്, മലയാളം മീഡിയം പ്രൈമറിതല വിദ്യാര്‍ത്ഥികളുടെ ഭാഷാശേഷി മെച്ചപ്പെടുത്തി അവരിലെ സര്‍ഗാത്മക രചനകളെ പരിപോഷിപ്പിക്കുക വഴി പഠനപ്രവര്‍ത്തനങ്ങളില്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ അവര്‍ക്ക് പ്രാപ്തി ലഭിക്കുന്ന നവീന പദ്ധതിയാണ് നടന്നുവരുന്നത്. 'വായനച്ചങ്ങാത്തം' പരിപാടിയിലൂടെ ലഭ്യമാകുന്ന കുട്ടികളുടെ രചനകളെ ജില്ലാതലത്തില്‍ ക്രോഡീകരിച്ച് മികച്ച സൃഷ്ടികള്‍ അച്ചടിച്ച് പുസ്തകമാക്കുന്നതിനുള്ള പദ്ധതിയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പൊതുസമൂഹം എന്നിങ്ങനെ സാമൂഹ്യപരമായ സര്‍ഗ്ഗാത്മക ശേഷികളുടെ ഗുണപരമായ മാറ്റത്തിനാണ് വായനച്ചങ്ങാത്തം ലക്ഷ്യം കുറിക്കുന്നത്.ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ കേരളത്തിന്റെ കലാസാംസ്കാരിക സമ്പത്തിന്റെ ഭാഗമാകുകയും പുതിയൊരു രക്ഷാകര്‍തൃ സംസ്ക്കാരം രൂപപ്പെടുത്തുകയും ചെയ്യുന്നതിലൂടെ പൊതുവിദ്യാഭ്യാസത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനും കേവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനരീതിയില്‍ നിന്നും വേറിട്ട മാതൃകകള്‍ ജനകീയ പിന്തുണയോടെ സംഘടിപ്പിക്കാനുമുള്ള ശ്രമമാണ് സമഗ്രശിക്ഷാ കേരളം വായനച്ചങ്ങാത്തം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.