കളിക്കാം, ചിരിക്കാം, പഠിക്കാം...ഇതാ മാതൃകാ സ്കൂൾ
കൊച്ചി: ചുവരിൽ നിറയെ ചിത്രങ്ങൾ, നിരവധി കളിപ്പാട്ടങ്ങൾ, മനോഹരമായ ഇരിപ്പിടം, മുറ്റത്ത് കുഞ്ഞൻ പാർക്ക്, പൂന്തോട്ടത്തിൽ കൃത്രിമ വെള്ളച്ചാട്ടം... നഴ്സറി സ്കൂളിലെ കാഴ്ചകൾ കണ്ട് രക്ഷിതാക്കൾ അമ്പരക്കുമ്പോൾ കളിപ്പാട്ടങ്ങളോട് കൂട്ടുകൂടുകയാണ് കുരുന്നുകൾ. ജില്ലയിലെ ആദ്യത്തെ മാതൃക പ്രീ സ്കൂളായ തൃപ്പൂണിത്തുറ ഗവ. മോഡൽ നഴ്സറി സ്കൂളാണ് അമ്പരപ്പിനും കൗതുകത്തിനും വേദിയാകുന്നത്. ക്ലാസ് മുറികളിൽ കയറിയിറങ്ങിയും ചുവരിലെ ഇഷ്ടകഥാപാത്രങ്ങളോട് കിന്നാരംപറഞ്ഞും കളിയുപകരണങ്ങളിൽ കയറിയിരുന്നും പാർക്കിൽ കളിച്ചും കുരുന്നുകൾ സന്തോഷമറിയിച്ചു.സമഗ്രശിക്ഷ കേരളത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് തൃപ്പൂണിത്തുറ ഗവ. നഴ്സറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയതും സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതും. തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾവളപ്പിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിലാണ് നഴ്സറി സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടികൾക്ക് ഭക്ഷണമൊരുക്കാനും മറ്റും പ്രത്യേക സംവിധാനങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. കളിച്ചു പഠിക്കുകയെന്നതാണ് ലക്ഷ്യം. ഒരു ക്ലാസിൽ 50 കുട്ടികൾക്കുവരെ ഇരിക്കാം. ഡിജിറ്റൽ ക്ലാസ് മുറിയുടെ നിർമാണം പുരോഗമിക്കുന്നു. അടുത്ത അധ്യയനവർഷം സ്കൂൾ തുറക്കുന്നതിനുമുമ്പ് ഇത് പൂർത്തിയാകും.