" ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോൾ കേരളത്തിന്റെതായ കരുതൽ ഉണ്ടാകും" മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം : സ്പഷ്ടവും വ്യക്തവും യാഥാര്‍ത്ഥ്യവും ഉള്‍ക്കൊള്ളുന്ന വിവരങ്ങള്‍ കോര്‍ത്തിണക്കിയാൽ മാത്രമേ ഏതൊരു ചരിത്രവും പൂര്‍ണതയിലെത്തുകയുള്ളൂ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. നിയമസഭാ ബങ്ക്വിറ്റ് ഹാളില്‍ പ്രാദേശിക ചരിത്ര രചനാ മത്സരവിജയികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ചരിത്രം എപ്പോഴും അത് മറക്കാൻ ശ്രമിക്കുന്ന വിഭാഗങ്ങളെ ചിന്തകളിൽ ബുദ്ധിമുട്ടിക്കും. അതുകൊണ്ടാണ് അവർ കിട്ടിയ അവസരങ്ങളിൽ ഒക്കെ ചരിത്രം തിരുത്താൻ ശ്രമിക്കുന്നതെന്നും ,വ്യാജ ചരിത്ര നിർമ്മിതി ഇന്നൊരു പ്രൊഫഷണൽ രംഗമാണന്നും മനസിലാക്കുമ്പോഴേ നമുക്കതിന്റെ അപകടം മനസ്സിലാവുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോൾ കേരളത്തിന് കേരളത്തിന്റെതായ കരുതൽ ഉണ്ടാകും. അക്കാദമികവും അല്ലാത്തതുമായ എന്തും നാം ചെറുത്തുനിൽപ്പിനായി ഉപയോഗിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു നുണ നൂറ് പ്രാവശ്യം പറഞ്ഞ് സത്യമാക്കലിന്റെ ഗീബൽസിയൻ മാതൃക സാധ്യമാക്കാനുള്ള പ്രവർത്തനം നമ്മുടെ രാജ്യത്തും നടന്നു തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളും, വിദ്യാലയങ്ങളും, ചരിത്ര പുസ്തകങ്ങളും അവരുടെ ലക്ഷ്യത്തിൽ പെടുന്നു എന്നും അദ്ദേഹം ഓർമിപ്പിച്ചു . പൊതുവിദ്യാലയങ്ങളില്‍ നിന്നും പങ്കെടുത്ത് പ്രാദേശിക ചരിത്ര രചനാ മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികളേയും പിന്തുണ നല്കിയ രക്ഷാകര്‍ത്താക്കളേയും അധ്യാപകരേയും പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി മന്ത്രി അനുമോദിച്ചു. പുതിയ തലമുറ കാര്യങ്ങളെ കൂടുതല്‍ മനസ്സിലാക്കി ഉള്‍ക്കൊള്ളാന്‍ ശ്രദ്ധിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു . സമഗ്രശിക്ഷാ കേരളം ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന് ചടങ്ങിന് സ്വാഗതം പറഞ്ഞു. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന് നായര്‍ ഭരണഘടനയും നിയമവാഴ്ചയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചു. എസ് സി ഇ ആർ ടി ഡയറക്ടർ ആർ കെ ജയപ്രകാശ് , അഡീഷണൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് സന്തോഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു