BEATS പദ്ധതിക്ക് തുടക്കമായി; മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.
കോഴിക്കോട് - ഫ്ലവേഴ്സ് ചാനലിലെ കോമഡിഷോയിലും അമൃത ടിവിയിലെ റെഡ് കാർപ്പറ്റിലും തിളങ്ങിയ ആയിഷ സമീഹ നീന്തൽകുളത്തിലും ഇനി താരമാകും. കാഴ്ചപരിമിതരായ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്ന പദ്ധതിയ്ക്ക് കോഴിക്കോട്ട് തുടക്കമായിരിക്കുന്നു. ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ഇക്യുബിയിംഗ് ഫൗണ്ടേഷന്റേയും സഹകരണത്തോടെയാണ് സമഗ്രശിക്ഷാ കോഴിക്കോട് പദ്ധതി നടപ്പിലാക്കുന്നത്. ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8.30 ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു.
Building Elegant Attitude Through Swimming (BEATS) എന്നാണ് പദ്ധതിയുടെ പേര്. കാഴ്ച പരിമിതരാണ് പദ്ധതിയുടെ ഒന്നാംഘട്ട ഗുണഭോക്കാക്കൾ. മറ്റ് ഭിന്നശേഷി വിഭാഗങ്ങളിലേക്കും അടുത്തഘട്ടത്തിൽ പദ്ധതി വ്യാപിപ്പിക്കും. ധൈര്യവും ആത്മവിശ്വാസവും വളർത്തുന്നതോടൊപ്പം വെള്ളത്തിൽ വീണുള്ള അപകടങ്ങളിൽ നിന്ന് കുട്ടികൾക്ക് രക്ഷനൽകാനും നീന്തൽ പഠനത്തിലൂടെ സാധിക്കും. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഭിന്നശേഷി കുട്ടികൾക്കായി വിദ്യാഭ്യാസവകുപ്പിനു കീഴിൽ ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നത്. ഈസ്റ്റ് നടക്കാവിലെ സ്വിമ്മിംഗ് പൂളിൽ രാവിലെ 8 മുതൽ 9 വരെയാണ് പരിശീലനം. അടുത്ത സ്പെൽ മുതൽ വടകരയിലും പരിശീലനം തുടങ്ങും. പത്ത് കുട്ടികളാണ് ഒരു ബാച്ചിലുണ്ടാവുക. രണ്ടാഴ്ചയാണ് ഒരു ബാച്ചിന്റെ പരിശീലന കാലാവധി.