പേരാമ്പ്ര ഉപജില്ലയിൽ സമ്പൂർണ്ണ വെർച്വൽ ക്ലാസ് റൂം പ്രവർത്തനനമാരംഭിച്ചു.
കോഴിക്കോട് (പേരാമ്പ്ര) സമഗ്ര വിദ്യാഭ്യാസ നവീകരണ പരിപാടിയുടെ ഭാഗമായി മുഴുവൻ കുട്ടികളെയും പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കുന്നതിനോടോപ്പം കിടപ്പിലായ കുട്ടികൾക്ക് ക്ലാസ് റൂം അന്തരീക്ഷം വീട്ടിൽ സംജാതമാക്കുന്നതിന് സമഗ്ര ശിക്ഷാ കോഴിക്കോട് പേരാമ്പ്ര ബിആർസിയുടെയും , പേരാമ്പ്ര ഉപജില്ലയും സംയുക്തമായി നടപ്പിലാക്കുന്ന വെർച്വൽ ക്ലാസ്സ് റൂമിന്റെ സബ്ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. ടി പി രാമകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ചു. ശാരീരികമായും മാനസികമായും വിവിധ പ്രയാസങ്ങളാൽ സ്കൂളിൽ എത്തി നേരിട്ട് പഠിക്കാൻ കഴിയാത്തതും ക്ലാസ് റൂം അനുഭവം ലഭിക്കാത്തതുമായ മുഴുവൻ കുട്ടികൾക്കും ക്ലാസ് റൂം അനുഭവം സാധ്യമാക്കുന്നതിന് വേണ്ടിയാണ് " സമ്പൂർണ്ണ വെർച്വൽ ക്ലാസ്" പദ്ധതി
നടപ്പാക്കുന്നത്. ഇതിനായി പേരാമ്പ്ര ഉപജില്ലയും, പേരാമ്പ്ര ബിആർസിയും, സബ്ജില്ലയിലെ വിവിധ സ്കൂളുകളുംകൈകോർക്കുകയാണ്. കുട്ടികൾക്ക് വീട്ടിൽ ഇരുന്ന് അധ്യാപകരെയും, സഹപാഠികളെയും കാണുവാനും, ക്ലാസ് തല പ്രവർത്തനങ്ങളിൽ ഏർപ്പെടാനും, അവരുമായി സംവദിക്കുന്നതിനും സാധിക്കും.
പേരാമ്പ്ര ഉപജില്ലയും, പേരാമ്പ്ര ബിആർസിയുടെയും നേതൃത്വത്തിൽ അതത് സ്കൂളുകളാണ് ടാബും / ലാപ്ടോപ്പും ക്ലാസ് മുറിയിൽ ക്യാമറയും സ്ഥാപിച്ചു നൽകിയിരിക്കുന്നത്. കുട്ടികളുടെ കൈയ്യിലിരിക്കുന്ന ടാബിൽ / ലാപ്ടോപ്പിൽ വിരലുകൾ ഉപയോഗിച്ച് ക്ലാസ് റൂമിലെ ക്യാമറ ആവശ്യാനുസരണം ഏതു ദിശയിലേക്കും ചലിപ്പിക്കാനും സാധിക്കുന്നു.അതിലൂടെ ക്ലാസ്സ് എടുക്കുന്ന ടീച്ചർ ക്ലാസ് റൂമിൽ ഏത് ഭാഗത്തേക്ക് നീങ്ങിയാലും ലൈവ് ഓഡിയോ സംവിധാനമുള്ള ഈ ക്യാമറയും ചലിപ്പിക്കാം. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനരീതി ഇത്തരം കുട്ടികളിൽ ഏറെ മാറ്റങ്ങൾ വരുത്തുന്നതായി വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു മുഖ്യപ്രഭാഷണം നടത്തി. പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ എൻ ബിനോയ് കുമാർ പദ്ധതി വിശദീകരിച്ചു. പി ടി എ പ്രസിഡന്റ് രജീഷ് കുമാർ ആർ കെ വെർച്വൽ ക്ലാസ് റൂമിനു ആവശ്യമായ ഉപകരണങ്ങൾ സ്പെഷ്യൽ എഡ്യൂക്കേറ്റർ സഗിത യ്ക്ക് കൈമാറി. പഞ്ചായത്ത് മെമ്പർമാരായ സി എം സജു, അർജുൻ കറ്റയാട്ട്, പ്രിൻസിപ്പാൾ നിഷിത കെ, പ്രധാനധ്യാപകൻ സുനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് സ്വാഗതവും ബ്ലോക്ക് പ്രൊജക്റ്റ് കോ -ഓർഡിനേറ്റർ വി പി നിത നന്ദിയും പറഞ്ഞു.