' ശാസ്ത്ര ചിന്തകൾക്ക് വെളിച്ചമേകാൻ ശാസ്ത്രപാർക്കുകൾ ..' ഏകദിന അധ്യാപക ശില്പശാല
തിരുവനന്തപുരം : നെടുമങ്ങാട് ബി.ആർ.സിയുടെ നേതൃത്വത്തിൽ ശാസ്ത്ര പാർക്ക് പ്രവർത്തനവുമായി ബന്ധപ്പെട്ടു ഏകദിന അധ്യാപക ശില്പശാല സംഘടിപ്പിച്ചു. ഓരോ സ്കൂളിൽ നിന്നും വന്ന അധ്യാപകർ നിലവിലെ ശാസ്ത്ര പാർക്കിന്റെ അവസ്ഥ വിശദീകരിച്ചു. നെടുമങ്ങാട് ബി.ആർ.സി പരിധിയിൽ 8 സ്കൂളുകളിലാണ് നിലവിൽ ശാസ്ത്രപാർക്ക് പ്രവർത്തിക്കുന്നത്. ആ സ്കൂളുകളിൽ നിന്നുള്ള അധ്യാപകരും ബി.ആർ.സി പ്രവർത്തകരും ഉൾപ്പെടെ 18 പേർ ശില്പശാലയിൽ പങ്കെടുത്തു.ശാസ്ത്ര പാർക്കിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, കുട്ടികളിൽ ശാസ്ത്രാഭിരുചി സൃഷ്ടിക്കുക , ശാസ്ത്ര പാർക്കിന്റെ പ്രവർത്തനം സജീവമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത് .ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെ ശില്പശാലയിൽ പങ്കെടുത്ത അധ്യാപകർ ശാസ്ത്ര പാർക്കിലെ ഉപകരണങ്ങളെ കുറിച്ച് മനസ്സിലാക്കുകയും അതുമായി ബന്ധപ്പെട്ട് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ശാസ്ത്ര പാർക്കിന്റെ പരിശീലനം ഏറെ പ്രയോജനപ്രദമായി എന്ന് ശില്പശാലയിൽ പങ്കെടുത്ത അധ്യാപകർ അഭിപ്രായപ്പെട്ടു.BRC ട്രെയിനർ ശ്രീമതി സ്റ്റെല്ലാ റാണി അധ്യക്ഷയായ ഉദ്ഘാടനയോഗത്തിൽ കരിപ്പൂര് ഹൈസ്കൂളിലെ HM ശ്രീമതി ബീന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. CRC കോർഡിനേറ്റർ ശ്രീ. രജിത്ത് പദ്ധതി വിശദീകരണം നടത്തി. നെടുമങ്ങാട് മുൻസിപ്പാലിറ്റി CRC കോർഡിനേറ്റർ ശ്രീമതി അൻസി സ്വാഗതം പറഞ്ഞ യോഗത്തിന് CRC കോർഡിനേറ്റർ ശ്രീമതി ഷീജ നന്ദി അർപ്പിച്ചുകൊണ്ട് സംസാരിച്ചു. CRC കോർഡിനേറ്റർമാരായ ഷീജ , രജിത്ത് എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.