ഭാവനകൾക്ക് നിറം നൽകി "നിറക്കൂട്ട് " ചിത്രരചനാ ക്യാമ്പ് സമാപിച്ചു.
മലപ്പുറം (നിലമ്പൂർ): പാട്ടും വരകളും വർണ്ണങ്ങളുമായി ഭിന്നശേഷി കുട്ടികളുടെ ഭാവനകൾക്ക് നിറം നൽകി ' നിറക്കൂട്ട് ' ചിത്രരചന ക്യാമ്പ് സമാപിച്ചു. കലാ-കായിക മേഖലകളിൽ അഭിരുചിയും ആഭിമുഖ്യവുമുള്ള ഭിന്നശേഷി കുട്ടികളെ കണ്ടെത്തുന്നതിനും പരിശീലനവും പ്രോത്സാഹനവും നൽകി കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള സമഗ്ര ശിക്ഷാ കേരളയുടെ പദ്ധതി നിലമ്പൂർ ബിആർസിയിലാണ് ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചത്. നിലമ്പൂർ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 32 ഭിന്നശേഷി കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ചിത്രരചന ക്യാമ്പ് നിലമ്പൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രേമാനന്ദ് കെ ഉദ്ഘാടനം ചെയ്തു. ബി ആർ സി ട്രെയിനർ രമ്യ ടി പി അധ്യക്ഷയായ ചടങ്ങിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ സബിത ജോൺ സ്വാഗതവും റൂബി മാത്യു നന്ദിയും പറഞ്ഞു. ചിത്രകല അധ്യാപകരായ സുനിൽകുമാർ സൈനുദ്ദീൻ, നജീബ് ഷജീഷ് രാജൻ എന്നിവർ ചിത്രരചനയുടെ വിവിധ സങ്കേതങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. നിലമ്പൂർ ബിപിസി എം മനോജ് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമാപന യോഗത്തിൽ നിലമ്പൂർ നഗരസഭ പൊതുമരാമത്തുകാര്യ സ്ഥിരം സമിതി അധ്യക്ഷ സൈജിമോൾ ടീച്ചർ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി അദ്ദേഹത്തിൻറെ ക്യാരിക്കേച്ചർ വരച്ചു ക്യാമ്പ് ആരംഭിച്ചത് .സജിൻ എസ്, ദീപ ജോസ്, ഷബ്ന എംപി ,മിനി പി, നുസ്രത്ത് വൈ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.