ദേശീയ കാലാവസ്ഥ പഠന കോൺഗ്രസിനൊരുങ്ങി പൊതുവിദ്യാലയങ്ങളിലെ ഭൂമിശാസ്ത്ര വിദ്യാർത്ഥികൾ... ' മൺസൂണും കുട്ട്യോളും ' കാലാവസ്ഥാ ശിൽപ്പശാലക്ക് തുടക്കം.
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ' മൺസൂണും കുട്ട്യോളും ' എന്ന പേരിൽ ഏകദിന കാലാവസ്ഥാ ശിൽപ്പശാല ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിൽ നടന്ന ശില്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ ദേശീയ പുരസ്കാര ജേതാവും കുസാറ്റ്- അഡ്വാൻസ്ഡ് സെൻറർ ഫോർ അറ്റ്മോസ്ഫിയറിക് റഡാർ റിസർച്ചിന്റെ മുൻ ഡയറക്ടറുമായ ഡോ.മോഹൻകുമാർ നിർവഹിച്ചു. ഭൂമിശാസ്ത്രം മുഖ്യവിഷയമായ സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകളിൽ കഴിഞ്ഞ അക്കാദമിക വർഷം സ്ഥാപിച്ച സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി ദേശീയ കാലാവസ്ഥ കോൺഗ്രസ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം. കാലാവസ്ഥ പഠനത്തിൽ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് ശ്രദ്ധേയ ചുവടുവെപ്പായി മാറിയ സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ മറ്റൊരു വിജയ പ്രഖ്യാപനാമായിരിക്കും ദേശീയ കാലാവസ്ഥ സമ്മേളനം. ഇതിന്റെ മുന്നൊരുക്കം എന്ന നിലയിലാണ് ശിൽപ്പശാല നടക്കുന്നത്. സ്കൂൾ വെതർ സ്റ്റേഷൻ സ്ഥാപിച്ചതിനു ശേഷം കുട്ടികൾ അത് ഉപയോഗിച്ച് നടത്തിവന്ന പഠന പരീക്ഷണ പ്രവർത്തനങ്ങൾ, വിദ്യാലയ പ്രദേശത്തെ ദിനാന്തരീക്ഷത്തിൽ ഉണ്ടായ മാറ്റം തുടങ്ങിയവയെല്ലാം ഏകദിന ശില്പശാലയിൽ അവതരിപ്പിച്ചു . മൺസൂൺ കാലാവസ്ഥയുടെ പശ്ചാത്തലത്തലമായതിനാലാണ് ' മൺസൂണും കുട്ട്യോളും ' എന്ന പേരിൽ എല്ലാ ജില്ലകളിലും ഏകദിന ശില്പശാലകൾ സംഘടിപ്പിച്ചത്. മൺസൂൺ മഴയുടെ സ്വഭാവം, കാലാവസ്ഥയിലെ മാറ്റങ്ങൾ, ദിനാവസ്ഥ വിവരശേഖരണം, വിവര വിശകലനം, എന്നിവയെ കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാലകൾ സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ല കൂടാതെ കൊല്ലം, പാലക്കാട് ,കണ്ണൂർ ജില്ലകളിലും ഇന്ന് ശിൽപ്പശാല നടന്നു. ജൂൺ 20 ന് മുന്നോടിയായി ' മൺസൂണും കുട്ട്യോളും ' ശിൽപ്പശാല മറ്റ് ജില്ലകളിലും പൂർത്തിയാകും. ശ്രീകാര്യം തുണ്ടത്തിൽ മാധവവിലാസം സ്കൂളിലാണ് തിരുവനന്തപുരം ജില്ലയുടെ ശിൽപശാല നടന്നത്. സമഗ്ര ശിക്ഷാ കേരളം കൺസൾട്ടന്റ് സുരേഷ് കുമാർ എ. കെ. വിഷയാവതരണം നടത്തി. ഡി പി സി ജവാദ്.എസ്. സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ പി.എൽ. രാജീവ് അധ്യക്ഷത വഹിച്ചു. എൻ സി ഇ എസ് എസ് ലെ സയന്റിസ്റ്റ് ഡോ . രശ്മി ഇ.എ., ഭൗമശാസ്ത്ര വിദഗ്ധരായ ഡോ. ജയദേവൻ, ഡോ. ജാസിം , ഡി പി ഒ സന്ധ്യ, ബി.പി.സി ഡോ.ഉണ്ണികൃഷ്ണൻ പാറയ്ക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഹയർ സെക്കണ്ടറി ഭൂമിശാസ്ത്ര വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും സമഗ്ര ശിക്ഷാ പ്രവർത്തകരും ശിൽപ്പശാലയിൽ പങ്കെടുത്തു.