കോഴിക്കോട് സൗത്ത് യു ആർ സി ക്ക് പുതിയ ഇരുനില മന്ദിരം
കോഴിക്കോട് : സമഗ്ര ശിക്ഷ കേരളം കോഴിക്കോട് സൗത്ത് ബി ആർ സി യ്ക് വേണ്ടി കോർപ്പറേഷൻ നിർമ്മിച്ച പുതിയ ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് നവീനമായ നിരവധി പുത്തൻ ഇടപെടലുകൾ നടത്തുന്ന സമഗ്ര ശിക്ഷ കേരളയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് പുതിയ കെട്ടിടം ഊർജമാകുമെന്ന് മന്ത്രി പറഞ്ഞു. പുതിയ അധ്യായന വർഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ വൈവിധ്യമാർന്ന നിരവധി പരിപാടികൾക്കാണ് സമഗ്ര ശിക്ഷ കേരളയിലൂടെ രൂപം നൽകിയിരിക്കുന്നത്. കിഫ്ബിയെ കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണവും പൊതുവിദ്യാഭ്യാസ വകുപ്പിന് ലഭിക്കുന്നുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു. ഭിന്നശേഷി കുട്ടികളുടെയും മറ്റ് വിഭാഗം കുട്ടികളുടെയും സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന അക്കാദമിക - അക്കാദമികേതര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമുള്ള സങ്കേതമായി ഈ കെട്ടിടം മാറട്ടെയെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ആശംസിച്ചു. തുറമുഖ,പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ അധ്യക്ഷത ചടങ്ങിൽ തദ്ദേശ സ്വയംഭരണ മേധാവികളും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും സന്നിഹിതരായിരുന്നു.