കുറ്റിച്ചൽ പഞ്ചായത്തിൽ 'സേവാസ് ' പദ്ധതിക്ക് തുടക്കം കുറിച്ചു.
തിരുവനന്തപുരം : സമഗ്ര ശിക്ഷാ കേരള കാട്ടാക്കട ബി.ആർ.സി പരിധിയിൽ വരുന്ന കുറ്റിച്ചൽ പഞ്ചായത്തിനെയാണ് 'സേവാസ് ' (SEVAS) പദ്ധതിക്കായി തിരഞ്ഞെടുത്തത്. വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക കായിക ആരോഗ്യ വ്യാവസായിക മേഖലകളിലെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിൽ നിന്നും ഒരു പഞ്ചായത്തിനെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇതിൻറെ ജില്ലാതല ആസൂത്രണയോഗത്തിൻറെ ഉദ്ഘാടനകർമ്മം അരുവിക്കര എംഎൽഎ അഡ്വ .ജി.സ്റ്റീഫൻ കുറ്റിച്ചൽ പരുത്തിപ്പള്ളി ഹയർ സെക്കൻററി സ്കൂളിൽ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രോജക്ട് കോ-ഡിനേറ്റർ . ജവാദ് സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ റെനി വർഗ്ഗീസ് പദ്ധതി വിശദീകരണം നടത്തി.തുടർന്ന് ജനപ്രതിനിധികൾ,വിവിധ മേഖലകളിൽ നിന്നും എത്തിയവർ, എന്നിവർ ഗ്രൂപ്പ് കൺവീനർമാരുടെ നേതൃത്വത്തിൽ 12 ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചകളിലൂടെ പദ്ധതികൾ ആസൂത്രണം ചെയ്യുകയും 'കരട് പദ്ധതി' തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ, എസ്.എസ്.കെ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ട്രെയിനർ ശ്രീ. സാജൻ നന്ദി പറഞ്ഞു.