പ്രാദേശിക ചരിത്ര രചന സംവാദം ശ്രദ്ധേയമായി..
തൃശൂർ (അന്തിക്കാട്) : പ്രാദേശിക ചരിത്ര രചനയുടെ ഭാഗമായി അന്തിക്കാട് പഞ്ചായത്തിന് മുന്‍പിലുള്ള ആലിന്ചുവട്ടില് കുട്ടികളും കാരണവകൂട്ടവും തമ്മിലുള്ളസ്നേഹ സംവാദം ശ്രദ്ധേയമായി.'അന്തിക്കാട് ഫര്‍ക്ക"എന്ന പഴയ പ്രയോഗത്തിന് അര്‍ത്ഥം തേടിയ കുട്ടികള്‍ ചോദ്യങ്ങളുമായി കാരണവക്കൂട്ടത്തെ ആദ്യംതന്നെ സമീപിച്ചിരുന്നു.അന്തിക്കാട് ബി ആര് സി യുടെ നേതൃത്വത്തില്‍ നടന്ന പാദമുദ്രകള്‍ എന്ന പ്രാദേശിക ചരിത്ര രചന പരിശീലന പരിപാടിയില്‍ ആണ് കുട്ടികളും കാരണവന്മാരും തമ്മിലുള്ള കൗതുകമേറിയ സംവാദം അരങ്ങേറിയത്.
അന്തിക്കാട് സാംസ്കാരിക ചരിത്രത്തില്‍ നിറസാന്നിധ്യമായിരുന്ന പണിക്കര്മാഷ് ആയിരുന്നു കാരണവക്കൂട്ടത്തിലെ തലമുതിര്‍ന്നയാള്‍.പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക വിദ്യാലയത്തിലെ എട്ടാം ക്ലാസുകാരന് സാരംഗ് കെ കൊലമുറി സമരത്തെക്കുറിച്ചും അന്തിക്കാട് കാര്‍ഷിക സംസ്കൃതിയുടെ പോയകാലത്തെ കുറിച്ചുമുള്ള ചോദ്യങ്ങളുമായി സംവാദം കൊഴുപ്പിച്ചു.ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നെടുംതൂണായി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വരെ ഏകോപിപ്പിച്ചിരുന്ന 91 വയസ്സുകാരനായ പണിക്കര്‍ മാഷ് വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് സാവധാനം പഴയ കാര്യങ്ങള്‍ എല്ലാം എടുത്തു കൊണ്ട് മറുപടി പറയുന്ന കാഴ്ച ഏറെ ഹൃദ്യമായി .അന്തിക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ആയിരുന്ന ടി കെ മാധവനും തലമുതിര്‍ന്ന ജൈവ കര്‍ഷകനുമായ രാംദാസ് അന്തിക്കാട് , ചരിത്ര അധ്യാപികയായി വിരമിച്ച ബേബി ടീച്ചറും സംവാദത്തില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സജീവമായി .കുളക്കടവിലെ ആലിന്ചുവട്ടില് കാര്‍ഷിക സാമൂഹിക രാഷ്ട്രീയ ചരിത്രവസ്തുതകള്‍ സംവാദത്തിലൂടെ കുട്ടികള്മ നസ്സിലാക്കി . ബിആര്‍സി പരിധിയിലെ 13 വിദ്യാലയങ്ങളില്‍ നിന്നായി 32 കുട്ടികളാണ് സംവാദത്തില്‍ പങ്കെടുത്തത്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്ത ചരിത്രരചനാ ശില്പശാലയില് കമലാ നെഹ്റു സ്കൂളിലെ ചരിത്ര അധ്യാപകനായ എന്‍. കെ. സുരേഷ് കുമാര്‍ പ്രാദേശിക ചരിത്ര രചനയുടെ പ്രാധാന്യവുംരീതിശാസ്ത്രവും കുട്ടികളെ ബോധ്യപ്പെടുത്തി.
ചരിത്രാന്വേഷണ യാത്രയുടെ ഭാഗമായി അന്തിക്കാട്ടെ ചരിത്രപ്രാധാന്യമാര്‍ന്ന ചെങ്ങന്നൂര്‍ മനയുടെ അവശിഷ്ടങ്ങളിലേക്ക് കുട്ടികള്‍ യാത്ര നടത്തി . കേരളത്തിലെ തന്നെ ഏറ്റവും വലിയ ആനകളില്‍ ഒന്നായിരുന്ന രംഗനാഥന്റെ ചങ്ങലവട്ട ഇന്നും സൂക്ഷിക്കുന്ന മനക്കാരുടെ പിന്മുറക്കാരുടെ വാക്കുകള്‍ കുട്ടികളെ പോയ കാലത്തിന്റെ സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അന്തിക്കാട് കാര്‍ഷിക സമരം നടന്ന കോള്‍ പ്പടവിലേക്കും കുട്ടികള്‍ കാല്‍നടയാത്ര നടത്തി.ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളായ സുജിത്ത് അന്തിക്കാട് ധര്മ്മന് തുടങ്ങിയവരും കുട്ടികളെ പിന്തുടര്ന്നു. ചരിത്രാന്വേഷണ വഴികള്‍ തിരിച്ചറിഞ്ഞ് കുട്ടികള്‍ തങ്ങള്‍ എഴുതിയ ചരിത്രം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന് ബോധ്യമായി .സംവാദത്തിനൊടുവില്‍ കാരണവക്കൂട്ടത്തിന് പൊന്നാടയും ചാര്‍ത്തിയാണ് കുട്ടികള്‍ അവരെ യാത്രയാക്കിയത് .