ജില്ലാതല ഡോക്യുമെന്റേഷൻ ശാക്തീകരണ ശില്പശാല പൂർത്തിയായി
തൃശൂർ : സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ കൃത്യമായ ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ നടത്തുന്നതിനും , ജില്ലയിലെ ഡോക്യുമെന്റേഷൻ ടീമിനെ ശാക്തീകരിക്കുന്നതിനുമായി യു ആർ സി അരണാട്ടുകരയിൽ വച്ച് ഏകദിന ശില്പശാല സംഘടിപ്പിച്ചു. എസ് എസ് കെ ഡി പി ഒ ജോളി വി.ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന മീഡിയ & ഡോക്യുമെന്റേഷൻ ഓഫീസർ അഭിലാഷ് തട്ടത്തുമല ശില്പശാല ഉദ്ഘാടനം ചെയ്തു. യു ആർ സി കോഡിനേറ്റർ ജയ്സൺ സി. പി സ്വാഗതം ആശംസിച്ചു. തൃശ്ശൂർ ജില്ലയിലെ 18 ബിആർസികളിലെ ഡോക്യുമെന്റേഷൻ ചുമതലയുള്ള ട്രെയ്നർ / സി ആർ സി സിമാർ, എം ഐഎസ് കോഡിനേറ്റർമാർ എന്നിവർക്കായി നടന്ന പരിശീലനത്തിൽ 35 പ്രതിനിധികൾ പങ്കെടുത്തു.ദേശാഭിമാനി സീനിയർ റിപ്പോർട്ടർ സി എ പ്രേമചന്ദ്രൻ ന്യൂസ് റിപ്പോർട്ടിങ്ങിനെക്കുറിച്ചുള്ള സെഷനിൽ വാർത്ത തയ്യാറാക്കുന്നതിന്റെ ഘടനയും ഉള്ളടക്കവും വിശദീകരിച്ചു. സീ കേരളം ന്യൂസ് റിപ്പോർട്ടർ ജോസ്മോൻ വർഗീസ് മൊബൈൽ ജേർണലിസം സംബന്ധിച്ച് സെഷൻ അവതരിപ്പിച്ചു.വീഡിയോ എഡിറ്റിങ് ടൂളുകൾ പരിചയപ്പെടുത്തുകയും വീഡിയോ,ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.
ഡോക്യുമെന്റേഷൻ സാധ്യതകളെക്കുറിച്ചും സംസ്ഥാനതലത്തിൽ രൂപീകരിക്കപ്പെട്ട ഓൺലൈൻ പോർട്ടലുകളെ കുറിച്ചുമുള്ള സമഗ്ര കാഴ്ചപ്പാടോടുകൂടിയ മുഴുനീള സെഷൻ സംസ്ഥാന മീഡിയാ ഓഫീസർ അഭിലാഷ് തട്ടത്തുമല നിർവഹിച്ചു. ബി ആർ സികളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ കൃത്യമായ ഡോക്യുമെന്റേഷൻ എപ്രകാരം കൈകാര്യം ചെയ്യണമെന്ന കാതലായ നിർദ്ദേശങ്ങളടങ്ങിയ സെഷനുകൾ കൈകാര്യം ചെയ്യുകയും സമഗ്ര ശിക്ഷാ കേരളം ന്യൂസ് പോർട്ടൽ, യൂട്യൂബ് ചാനൽ, സമഗ്ര ശിക്ഷയുടെ കേന്ദ്ര - സംസ്ഥാന വെബ്സൈറ്റുകൾ എന്നിവ പരിചയപ്പെടുത്തുകയും ചെയ്തു. ജില്ലാ ഡോക്യുമെന്റേഷൻ കോഡിനേറ്റർ നിഷ വി ആർ ശിൽപ്പശാലയിൽ നന്ദി രേഖപ്പെടുത്തി.