ചരിത്രമുറങ്ങുന്ന കരിവള്ളൂർ നാട്ടിലെ പാദമുദ്രകൾ തേടി കുട്ടിക്കൂട്ടം.
കരിവെള്ളൂർ: ദേശീയ സ്വാതന്ത്ര്യസമര പോരാട്ട കാലത്ത് നടന്ന കർഷകരുടെ മുന്നേറ്റമായ കരിവെള്ളൂരിൻ്റെ ഓർമകൾ ജ്വലിച്ചു നിൽക്കുന്ന കുണിയൻ പുഴയോരത്തെ സ്മൃതി മണ്ഡപവും തെയ്യം കലയ്ക്ക് പുതിയ രൂപഭാവങ്ങൾ പകർന്നു നൽകിയ ഓണക്കുന്നിലെ മണക്കാടൻ ഗുരുക്കളുടെ സമാധിയും സന്ദർശിച്ച് പ്രാദേശിക ചരിത്രരചനാനുഭവങ്ങൾ തേടി കുട്ടിക്കൂട്ടം. സമഗ്ര ശിക്ഷാ കാസർകോടിൻ്റെ ആഭിമുഖ്യത്തിൽ കൊടക്കാട് കദളീവനത്തിൽ സംഘടിപ്പിച്ച ജില്ലാതല പ്രാദേശിക ചരിത്രരചന ദ്വിദിന ശില്പശാലയുടെ ഭാഗമായാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മികവ് തെളിയിച്ചെത്തിയ കുട്ടികൾ കരിവെള്ളൂരിലെത്തിയത്. പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ കരിവെള്ളൂർ രത്നകുമാറുമായി മുഖാമുഖം നടത്തി കുട്ടികൾ ഓട്ടൻതുള്ളൽ കലയുടെ ഭൂതകാലവും തൊട്ടറിഞ്ഞു. കുണിയനിൽ ജയദേവൻ കരിവെള്ളൂരും ഓണക്കുന്നിൽ എം ശശിമോഹനനും കുട്ടികളുമായി സംവദിച്ചു. ഓലാട്ട് നാരായണ സ്മാരക ഗ്രന്ഥാലയം വയോജനവേദിയുടെ സഹകരണത്തോടെ നടത്തിയ കൊടക്കാട് ഗ്രാമത്തിൻ്റെ ചരിത്രം അനാവരണം ചെയ്ത കാരണവർക്കൂട്ടവും വേറിട്ട അനുഭവമായി.
ശില്പശാല പ്രശസ്ത നിരൂപകൻ ഇ പി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റർ ഡി നാരായണ അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം ഓഫീസർ കെ പി രഞ്ജിത്ത് ആമുഖഭാഷണം നടത്തി. കവി സി എം വിനയചന്ദ്രൻ 'ചരിത്രവും സാഹിത്യവും ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം ഓഫീസർ എ എം മധുസൂദനൻ ,അനൂപ് കുമാർ കല്ലത്ത്, പി വി ഉണ്ണി രാജൻ,പി വേണുഗോപാലൻ, പി പുഷ്പാകരൻ, പി രാജഗോപാലൻ, എം വി സൗമ്യ, കെ വിജില എന്നിവർ ക്ലാസെടുത്തു. പ്രാദേശിക ചരിത്ര സെമിനാർ, ഡോക്യുമെൻ്ററി ,പ്രാദേശിക ചരിത്ര ഗ്രന്ഥങ്ങൾ, പാനൽ പ്രദർശനങ്ങൾ, കുട്ടികളുടെ അവതരണങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ എന്നിവ ശില്പശാലയുടെ ഭാഗമായി നടന്നു.