ജില്ലാതല കർമ്മ പരിപാടികൾക്ക് പുത്തനുണർവ്വേകി ദ്വിദിന ശില്പശാല
പാലക്കാട് : സമഗ്ര ശിക്ഷ കേരളം പാലക്കാട് ജില്ലയുടെ നേതൃത്വത്തിൽ ബി പി സി , ട്രെയിനർമാർ എന്നിവർക്കുള്ള ദ്വിദിന ശില്പശാല നവംബർ 8,9 തിയ്യതികളിലായി അട്ടപ്പാടിയിലെ കള്ളമലയിൽ നടന്നു. സമഗ്ര ശിക്ഷ കേരളയുടെ ഒരു വർഷക്കാലത്തെ ജില്ലാതല പ്രവർത്തന പദ്ധതികൾ സമഗ്രമായി അവലോകനാസൂത്രണം ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ മുഖ്യലക്ഷ്യം. ജില്ലയിലെ 13 ബി ആർ സി കളിൽ നിന്നായി ബിപിസിമാരും 3 ട്രെയിനർമാരുമടങ്ങുന്ന 60 അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു. മൂന്ന് ജില്ലാ പ്രോഗ്രാം ഓഫീസർമാരും ജില്ലാ പ്രൊജക്ട് കോർഡിനേറ്ററും ഉൾപ്പെട്ട സംഘം പരിശീലനത്തിന് നേതൃത്വം നൽകി. ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാമുകൾ, ബിആർസി ദൈനംദിന പ്രവർത്തനങ്ങൾ, ഉൾചേർക്കൽ വിദ്യാഭ്യാസം, സ്റ്റാർസ് പദ്ധതി പ്രവർത്തനങ്ങൾ എന്നിങ്ങനെ നാലു സെഷനുകളിലാണ് ആദ്യദിന പരിശീലനം കേന്ദ്രീകരിച്ചത് . പദ്ധതി വിശദീകരണവും ഗ്രൂപ്പ് തലത്തിലെ ചർച്ചയും നടന്നു. സായ്ഹാന പരിപാടിയിൽ ഗോത്രവിഭാഗ കലാകാരനായ തങ്കരാജ് മാസ്റ്ററുടെ ‘കൊകാല്’ വായനയും സംഗീത അവതരണവും ശ്രദ്ധയമായി . ചർച്ചകളുടെ അവതരണത്തോടെയാണ് രണ്ടാം ദിവസത്തെ ഔദ്യോഗിക സെഷനുകൾക്ക് തുടക്കം കുറിച്ചത്. തിരഞ്ഞെടുത്ത അംഗങ്ങൾ അവതരണം നടത്തി. മറ്റു അംഗങ്ങൾ അതിൽ കൂട്ടിച്ചേർക്കലുകൾ നടത്തി.പദ്ധതികൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന് ഇത്തരം കൂട്ടിച്ചേർക്കലുകൾ വളരെ സഹായകരമായി. പദ്ധതിയുടെ സാമ്പത്തിക മാനേജ്മെന്റിൽ പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചായിരുന്നു അടുത്ത സെഷൻ. ആവശ്യമായ ചില വ്യക്തതകളും നിർദ്ദേശങ്ങളും വിശദീകരണങ്ങളും ജൂനിയർ അക്കൌണ്ട് ഓഫീസർ നൽകി. കൃത്യമായ പ്രവർത്തനത്തിന് ഇത്തരം അവലോകന യോഗങ്ങൾ അനിവാര്യമാണെന്ന് എല്ലാ അംഗങ്ങളും വിലയിരുത്തി. തങ്ങളുടെ പ്രവർത്തനമേഖലയിൽ മികവ് പുലർത്താനുള്ള കരുത്തോടെ എല്ലാവരും ശേഷം ബിആർസികളിലേക്ക് മടങ്ങി.