"നൈപുണി വികസന കേന്ദ്രങ്ങൾ ജനകീയ പങ്കാളിത്തത്തോടെ കാര്യക്ഷമമായി നടപ്പിലാക്കും" -ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോൾ .
പാലക്കാട് : സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന നൈപുണി വികസന കേന്ദ്രങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മോൾ പറഞ്ഞു. നൈപുണി വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള ജില്ലാതല പദ്ധതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. ജില്ലയിൽ 13 കേന്ദ്രങ്ങളിൽ . വൊക്കേഷണൽ/ ഹയർ സെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ചാണ് നൈപുണി വികസന കേന്ദ്രം സ്ഥാപിക്കുന്നത്. ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ യുവജനങ്ങളുടെ ശാക്തീകരണമാണ് ലക്ഷ്യമാക്കുന്നത്.ഓരോ പ്രദേശത്തിന്റെയും തൊഴിൽ സാധ്യതക്ക് അനുസൃതമായ രണ്ട് ജോബ് റോളുകൾ വീതം സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ വഴി പ്രാരംഭ ഘട്ടത്തിൽ നൽകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന 25 കുട്ടികൾ വീതമുള്ള രണ്ട് ബാച്ചുകളാണ് ഓരോ സെന്ററിലും ഉണ്ടാകുക.ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ നൈപുണ്യം നേടാനും ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്നു വിട്ടുനിൽക്കുന്ന 15 നും 21നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്കും തൊഴിൽ വൈദഗ്ധ്യം നേടാൻ സെന്ററിന്റെ സേവനം പ്രയോജനപെടുത്താൻ കഴിയും. നാഷണൽ ക്വാളിഫിക്കേഷൻ രജിസ്റ്റർ പ്രകാരമുള്ള ഏകദേശം 300 മണിക്കൂർ ദൈർഘ്യമുള്ള ലെവൽ 3, ലെവൽ 4 മൊഡ്യുളിൽ പരിശീലനം നൽകി കേന്ദ്ര സർക്കാർ അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ് നൽകും. പ്രത്യേക പരിഗണന അർഹിക്കുന്ന തീരദേശ,ആദിവാസി, തോട്ടം, മേഖലയിലുള്ളവർക്കും സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമിലെ വിദ്യാർത്ഥികൾക്കും പരിഗണന ലഭിക്കും .സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് കോഡിനേറ്റർ സുരേഷ് കുമാർ സി സ്വാഗതം പറഞ്ഞു. ജില്ലാ കളക്ടർ മൃൺമയി ജോഷി ഐ എ എസ് അധ്യക്ഷത വഹിച്ചു. റീജിയണൽ കോർഡിനേറ്റർ അജയ് ബി. പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സാബിറ ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം പത്മിനി ടീച്ചർ, വൊക്കേഷണൽ ഹയർ സെക്കന്ററി അസിസ്റ്റന്റ് ഡയറക്ടർ ഉബൈദുള്ള , ഡി.ഡി. ഇ മനോജ് കുമാർ , ഡയറ്റ് പ്രിൻസിപ്പാൾ ശശിധരൻ, ജില്ലാ സ്കിൽ കോഡിനേറ്റർ സുജിത് എന്നിവർ സംസാരിച്ചു.