YIP ശാസ്ത്രപഥം 2022 - ജില്ലാതല അധ്യാപക പരിശീലനം പൂർത്തിയായി
പാലക്കാട് : സാമൂഹിക പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരം കണ്ടെത്താവുന്ന തരത്തിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ ഗവേഷണതാൽപര്യം വളർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച YIP ശാസ്ത്രപഥം 2022 ജില്ലാതല പരിശീലനം ഷൊർണ്ണൂർ.ബി.ആർ.സിയിൽ നടന്നു.പ്രമുഖ പരിസ്ഥിതി പ്രവർത്തകരും ഗോൾഡൻ ബീവർ അവാർഡ് ജേതാക്കളുമായ കെ.വി.എസ് കർത്താ, ലില്ലീ കർത്താ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. 'ഒരേ നാദം,ഒരേ താളം' എന്ന ഹ്രസ്വചിത്രത്തിലെ പ്രസക്തഭാഗങ്ങൾ കാണിച്ചു കൊണ്ട് ഉദ്ഘാടകൻ പ്രോജക്ടിൻ്റെ സമീപനം വിശദമാക്കി. ഗവേഷണ മനോഭാവത്തെയും ചിന്താശേഷിയും വളർത്തുന്ന രീതിയിലുള്ള നേരനുഭവങ്ങൾ ക്ലാസ് മുറികളിൽ ഉണ്ടാകണമെന്ന് അദ്ദേഹത്തിൻ്റെ പത്നി ലില്ലി കർത്താ കൂട്ടിച്ചേർത്തു.
സമഗ്ര ശിക്ഷ കേരളയുടെ 'ശാസ്ത്രപഥം' പരിപാടിയും കെ- ഡിസ്കിന്റെ ' യങ്ങ് ഇന്നവേറ്റർസ് പ്രോഗ്രാം ' പരിപാടിയും സംയോജിപ്പിച്ചാണ് 'ശാസ്ത്രപഥം വൈ. ഐ. പി.' എന്ന രീതിയിൽ പുനരാവിഷ്കരിച്ചിരിക്കുന്നത്. 8 ,9 ,11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പെൺകുട്ടികൾ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരുടെ പങ്കാളിത്തം പരിപാടിയിലൂടെ ഉറപ്പുവരുത്തുന്നു. YIP ശാസ്ത്രപഥം 2022 പരിപാടിയിലൂടെ കുട്ടികൾക്ക് ഇരുപത്തിരണ്ട് വിഷയ മേഖലകൾ നൽകുന്നു. അതിൽനിന്നും കുട്ടിക്ക് താല്പര്യമുള്ളവ തിരഞ്ഞെടുത്തു ഗവേഷണം നടത്താവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ശാസ്ത്രരംഗം ജില്ലാ കോ ഓഡിനേറ്റർ രഞ്ജിത്ത്, കെ ഡിസ്ക് ജില്ലാ കോ -ഓഡിനേറ്റർ കിരൺ ദേവ് , എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.മുഹമ്മദ് ഷാജുദ്ദീൻ, തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. പാലക്കാട് ജില്ലയിലെ പതിമൂന്ന് ബി.ആർ.സികളിൽ നിന്നുമായി ഒരോ ട്രെയിനറും സബ്ജില്ലാതല കൺവീനർമാരുമാണ് ജില്ലാതല പരിശീലനത്തിൽ പങ്കാളികളായത്.