സ്പെഷ്യൽ എഡ്യൂക്കേറ്റർമാർക്കുള്ള ഏകദിന ശില്പശാല ശ്രദ്ധേയമായി..
തിരുവനന്തപുരം: സമഗ്ര ശിക്ഷാ, കേരളം തിരുവനന്തപുരം ജില്ലയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റിവ് സയൻസസ് (ICCONS) സംയുക്തമായി സംഘടിപ്പിച്ച സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഏകദിന ശില്പശാല ശ്രദ്ധേയമായി. ക്ലിനിക്കൽ സൈക്കോളജി ലക്ചറർ ശ്രീകുമാർ എസ്. ശില്പശാല ഉദ്ഘാടനം ചെയ്തു. ഓട്ടിസം സ്പെക്ട്രം ഡിസോഡർ ഉള്ള കുട്ടികളിൽ കാണുന്ന പെരുമാറ്റ പ്രശ്നങ്ങളും ക്ലാസ്സ് മുറിയിൽ അതിനെ എങ്ങനെയെല്ലാം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ശില്പശാലയിൽ വിശദീകരിച്ചു.ഇത്തരം കുട്ടികളിലെ സംഭാഷണത്തിൽ വരുന്ന പ്രശ്നങ്ങൾ എങ്ങനെ മെച്ചപ്പെടുത്താമെന്നും, അക്കാദമികപരമായ നൈപുണികൾ എങ്ങനെ വികസിപ്പിക്കാമെന്നും, ഇവരുടെ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ എന്തെല്ലാമാണെന്നും, ഇവരെ എഴുത്തും വായനയും എങ്ങനെ പരിശീലിപ്പക്കാം എന്നത് ഉൾപ്പടെ ഈ മേഖലയിലെ വിവിധ വിഷയങ്ങളിൽ വിദഗ്ധർ സംസാരിച്ചു. സമഗ്ര ശിക്ഷാ കേരളയുടെ കീഴിൽ ജില്ലയിലെ വിവിധ ഓട്ടിസം സെൻ്ററുകളിലെ 36 സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനാണ് ഏകദിന ശില്പശാലയിൽ പരിശീലനം നൽകിയത്. പഠന വൈകല്യങ്ങൾ, ബുദ്ധിമാന്ദ്യം, ശ്രവണ വൈകല്യം, മറ്റു ജനിതക പ്രശ്നങ്ങൾ തുടങ്ങി കുട്ടികളിലെ പലവിധ പ്രശ്നങ്ങൾക്ക് ആവശ്യമായ ചികിത്സയും സേവനങ്ങളും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റിവ് ന്യൂറോ സയൻസസ് എന്ന കേന്ദ്രത്തിൽ ലഭ്യമാണ്.സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസർ ബി. ശ്രീകുമാരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡോ. മേരി ഐപ് (പ്രൊഫസർ, ഡിപ്പാർട്ട്മെൻ്റ് ഓഫ് പീഡിയാട്രിക്സ് ന്യൂറോളജി, ഗവ. മെഡിക്കൽ കോളേജ്), സോണിയ ക്രിസ്റ്റി, ബിന്ദുകല എസ്., ( ലക്ചറർ, ക്ലിനിക്കൽ ലിംഗ്വിസ്റ്റിക്സ് ഡിപ്പാർട്ട്മെൻ്റ്), ഷീബ വി.(സ്പെഷ്യൽ എഡ്യൂക്കേറ്റർ) എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.