' തേൻ മലയാളം പദ്ധതി ' വിജയകരമായി നടപ്പിലാക്കി ചടയമംഗലം ബി. ആർ.സി
കൊല്ലം (ചടയമംഗലം ബി. ആർ. സി.): കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വിഷയ സമിതിയുടെ സഹകരണത്തോടെ തേൻ മലയാളം പദ്ധതി നടപ്പിലാക്കുന്നു. മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികളുടെ ഭാഷാശേഷി വികസനത്തിനുള്ള പദ്ധതിയാണിത്. ആശയ അവതരണ രീതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി 15 മോഡ്യൂളുകളാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. തേൻ മലയാളം പദ്ധതിയുടെ ഉദ്ഘാടനവും ട്രൈഔട്ട് ശില്പശാലയും ചടയമംഗലം ബി.ആർ. സി യിൽ വച്ച് നടന്നു. എസ് എസ് കെ മുൻ അക്കാദമിക കൺസൽട്ടന്റും, ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വിഷയ സമിതി കൺവീനറുമായ ഡോ. ടി. പി. കലാധരൻ ഉദ്ഘാടനം നിർവഹിച്ചു. ബിപിസി ആർ രാജേഷ് സ്വാഗതവും ട്രെയിനർ തുളസീധരൻ നന്ദിയും പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ സമിതി ജില്ലാ കൺവീനർ സൈജ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. നിലമേൽ ഗവ: യുപി സ്കൂളിലെ ഇരുപത് കുട്ടികളും വിവിധ വിദ്യാലയങ്ങളിൽ നിന്നായി മുപ്പത് അധ്യാപകരും ശിൽപ്പശാലയിൽ പങ്കെടുത്തു.