സ്പെഷ്യൽ എഡ്യൂക്കേറ്റർമാർക്കുള്ള ഏകദിന ശില്പശാല
തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷനും DEICയും സമഗ്ര ശിക്ഷാ കേരളം തിരുവനന്തപുരവും സംയുക്തമായി സംഘടിപ്പിച്ച സ്പെഷ്യൽ എഡ്യൂക്കേറ്റർമാർക്കുള്ള ഏകദിന ശില്പശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബി.സുരേഷ് കുമാർ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ ഇത്തരം പദ്ധതികൾക്ക് എല്ലാവിധ പിന്തുണയും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളിലെ വിഷ്വൽ ഇംപയർമെൻറ്,സ്പീച്ച്, ഹിയറിങ്,ഓട്ടിസം, ഇന്റലെക്ച്വൽ ഡിസെബിളിറ്റി തുടങ്ങി ശാരീരികവും മാനസികവും ഉൾപ്പടെ വിവിധങ്ങളായ പ്രശ്നങ്ങൾ എങ്ങനെ കണ്ടുപിടിക്കാമെന്നും എങ്ങനെ കൈകാര്യം ചെയ്യാമെന്നും പരിശീലനത്തിൽ വിശദീകരിച്ചു. പ്രശ്നങ്ങൾ കണ്ടെത്തിയ കുട്ടികളെ ഈ സ്ഥാപനത്തിലേക്ക് എത്തിച്ച് സൗജന്യ ചികിത്സ നടത്താനുള്ള സാധ്യതകളും പരിശീലനത്തിൽ പങ്കുവച്ചു.സംസ്ഥാന സർക്കാരിന്റെ 'ഹൃദ്യം' എന്ന പദ്ധതി 18 വയസ്സിന് താഴെയുള്ള ഹൃദ്രോഹികളായ കുട്ടികളുടെ ചികിത്സാർത്ഥം തുടങ്ങിയതാണ്. അത്തരം കുട്ടികൾക്ക് തുടർ ചികിത്സക്കായി ആവശ്യമായ സഹായങ്ങൾ സൗജന്യമായി ഇവിടെ നിന്നും ലഭിക്കുന്നു. ഇതിനായി വിവിധ സർക്കാർ/സ്വകാര്യ ആശുപത്രികളുടെ സേവനം ഇവിടെ ലഭ്യമാണ്. ഏർളി ഇൻറർവെൻഷനുമായി ബന്ധപ്പെട്ട് ദന്തൽ സർജൻ, ഫിസിയോതെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, ഓർഡിയോളജിസ്റ്റ്, പീഡിയാട്രീഷൻ എന്നിവർ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർക്ക് വിവിധ മേഖലകളിൽ ബോധവത്കരണം നൽകി. 48 സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ ക്ലാസിൽ പങ്കെടുത്തു.
കുട്ടികളുടെ വിവിധങ്ങളായ ശാരീരിക ബുദ്ധിമുട്ടുകളെ മറികടക്കാനുതകുന്ന രീതിയിലുള്ള സെൻസറി ഇൻഗ്രേഷൻ മുറി DEIC യിൽ സജ്ജീകരിച്ചിട്ടുണ്ട്. ഫിസിയോ, സ്പീച്ച്, ഒക്യൂപേഷനൽ തെറാപ്പി പോലെയുള്ള വിവിധ തെറാപ്പി സേവനങ്ങൾ ഈ കേന്ദ്രത്തിൽ ലഭ്യമാണ്. വിശാലമായ മുറികളിൽ ഓരോ തെറാപ്പിക്കും വേണ്ട രീതിയിലുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്.കുട്ടികളിലെ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഏറ്റവും ആദ്യം കണ്ടെത്താനും മനസ്സിലാക്കാനും സാധിക്കുന്നത് ഈ മേഖലയിൽ പരിശീലനം നേടി ബി ആർ സികൾ വഴി സ്കൂളുകളിൽ നിയമിതരായിട്ടുള്ള സ്പെഷ്യൽ എഡ്യൂക്കേറ്റർമാർക്കാണ്. ജനനം മുതൽ 18 വയസ്സു വരെയുള്ള കുട്ടികളിൽ കണ്ടെത്തുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകൾക്ക് പരിഹാരവും വിദഗ്ധ അഭിപ്രായവും നേടുന്നതിന് സഹായിക്കുന്ന കേന്ദ്രമാണ് DEIC. ഇവിടെ ഇത്തരം കുട്ടികളുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കി വേണ്ട രീതിയിലുള്ള ഇടപെടലുകൾ നടത്തി വരുന്നു നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ ഡോ. ആശാ വിജയൻ അധ്യക്ഷത വഹിച്ച പരിപാടിക്ക് ശ്രീകുമാരൻ ബി. (പ്രോഗ്രാം ഓഫീസർ സമഗ്ര ശിക്ഷാ കേരളം, തിരുവനന്തപുരം) സ്വാഗതം ആശംസിക്കുകയും സമഗ്ര ശിക്ഷാ കേരളം, തിരുവനന്തപുരം ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്റർ എസ്. ജവാദ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. DEIC മെഡിക്കൽ ഓഫീസർ ഡോ. കാവ്യ മോഹൻ കൃതജ്ഞത രേഖപ്പെടുത്തി.