ലഹരി വിമുക്ത കേരളം അധ്യാപക പരിവർത്തന പരിപാടി സംഘടിപ്പിച്ചു (യു ആർ സി നോർത്ത് )
തിരുവനന്തപുരം:
സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും വിമുക്തി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന 'ലഹരി വിമുക്ത കേരളം അധ്യാപക പരിവർത്തന' പരിപാടി നോർത്ത് യു.ആർ.സി. യിൽ നടത്തി. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള വിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ ഏകോപിപ്പിക്കുകയും അതുവഴി ലഹരി വിമുക്ത സന്ദേശം പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നോർത്ത് വിദ്യാഭ്യാസ ഉപജില്ലയിലെ എൽ പി , യുപി, ഹൈസ്കൂൾ, വിഎച്ച്എസ്ഇ , ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ അധ്യാപകരെ ഉൾപ്പെടുത്തി കൊണ്ട് ഏകദിന ശിൽപ്പശാല ആറു ബാച്ചുകളായിട്ടാണ് സംഘടിപ്പിച്ചത്. തുടർന്ന് ഒക്ടോബർ 2,ഗാന്ധിജയന്തി ദിനത്തിൽ സ്കൂളുകളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നൽകും. ഏകദിന ശില്പശാലയിൽ പങ്കെടുത്ത അധ്യാപകർ, കുട്ടികൾ ലഹരിക്ക് അടിമപ്പെട്ട് നശിച്ചുപോകുന്ന അനുഭവങ്ങൾ പങ്കിട്ടു. കുട്ടികളിൽ ചെറിയ പ്രായത്തിൽ തന്നെ നല്ല ശീലങ്ങൾ വളർത്തികൊണ്ടു വരുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്നതിനും അധ്യാപകർക്കും രക്ഷിതാക്കൾക്കും സാധിക്കണമെന്നും ശില്പശാലയിൽ ആശയങ്ങൾ ഉയർന്നു .
വാർഡ് കൗൺസിലർമാർ,സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോഡിനേറ്റർ എ ജവാദ്, എ. ഈ.ഒ. ജിനബാല, പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ,ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിലെ പരിശീലനങ്ങളിൽ പങ്കെടുത്തു.