ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കൈത്താങ്ങുമായി സമഗ്ര ശിക്ഷാ കേരളം ചെറുവത്തൂർ ബിആർസി
കാസർഗോഡ് (പടന്ന )- കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ട വിദ്യാലയങ്ങൾ തുറന്നെങ്കിലും ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഇപ്പോഴും സ്കൂളുകളിൽ പോകാൻ പറ്റാത്ത അവസ്ഥയിൽ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിലാണ് പഞ്ചായത്തുതലത്തിൽ സ്പെഷ്യൽ കെയർ സെൻ്ററുകൾ തുറക്കുന്നത്. അക്കാദമിക പിന്തുണയ്ക്കൊപ്പം ഈ കേന്ദ്രങ്ങളിൽ തെറാപ്പി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് കൈത്താങ്ങായിത്തീരും വിധമാണ് സ്പെഷ്യൽ കെയർ സെൻറെറുകൾ ആരംഭിക്കുന്നത്. ചെറുവത്തൂർ ബിആർസിയുടെ നേതൃത്വത്തിൽ പടന്ന ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച സ്പെഷ്യൽ കെയർ സെൻറെർ തെക്കേപ്പുറം റഹ്മാനിയ്യ മദ്രസ്സയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി വി മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി വി അനിൽകുമാർ അധ്യക്ഷനായിരുന്നു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി കെ പി ഷാഹിദ പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. പി പി കുഞ്ഞികൃഷ്ണൻ,വി എസ് ബിജുരാജ്, ബാലകൃഷ്ണൻ നാറോത്ത്, അനൂപ് കുമാർ കല്ലത്ത്, പി വേണുഗോപാലൻ, എൻ ശ്രീഷ്മ, ബി രോഷ്ണി എന്നിവർ സംസാരിച്ചു. മധുര പലഹാരം, ഉച്ചഭക്ഷണ വിതരണം എന്നിവയുമുണ്ടായിരുന്നു.