കുട്ടികള്‍ക്കുള്ള പഠന സൗകര്യം കേരളം ഒന്നാം തരം
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന സൗകര്യം ഒരുക്കിയതില്‍ രാജ്യത്ത് കേരളം ഒന്നാമതെന്ന് സര്‍വേ. വിദ്യാഭ്യാസ വാര്‍ഷിക സ്ഥിതി (എ.ഐ.ഇ.ആര്) പഠനറിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. 91 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം ഒരുക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേ സമയം രണ്ടാമതുള്ള ഹിമാചല്‍ പ്രദേശില്‍ ഇത് 79.6 ശതമാനമാണ്. രാജ്യത്താകെ 24.2 ശതമാനവും. ഡിജിറ്റല്‍ പഠനോപകരണം ലഭ്യമാക്കിയതിലും കേരളമാണ് മുന്നില്‍. സ്കൂളില്‍ ചേര്‍ന്ന 97.5 ശതമാനം പേരുടെ വീട്ടിലും സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാണ്. ദേശീയതലത്തില്‍ ഇത് 67.6 ശതമാനം മാത്രം. കേരളത്തില്‍ 76.2 ശതമാനം പേര്‍ക്ക് പഠനത്തിന് മുഴുവന്‍ സമയവും സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാണ്. ഇത് ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്. 50 ശതമാനത്തിന് മുകളിലുള്ള മറ്റൊരു സംസ്ഥാനം നാഗാലാന്റ് (55.2) മാത്രമാണ്. രാജ്യത്ത് 26.1 ശതമാനം പേര്‍ക്ക് വീട്ടില്‍ ഫോണ്‍ ഉണ്ടായിട്ടും പഠനം നടക്കുന്നില്ല. എന്നാല്‍ കേരളത്തില്‍ ഇത് കേവലം 2.6 ശതമാനം. ഇവര്‍ക്ക് ഫസ്റ്റബെല് ക്ലാസുവഴി കേരളം അവസരം സൃഷ്ടിക്കുന്നുമുണ്ട്. കേരളത്തിലെ ഗ്രാമീണ മേഖലയില്‍ സ്വകാര്യ സ്കൂളില്‍ നിന്ന് സര്‍ക്കാര്‍ സ്കൂളിലേക്ക് മാറുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ധന. 11.9 ശതമാനം വിദ്യാര്‍ത്ഥികളാണ് കൂടുതലായെത്തിയത്. ആറിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ 76,000 വീടുകളില്‍ സര്‍വേ നടത്തി. എ.എസ്.ഇ.ആറിന്റെ പതിനാലാം റിപ്പോര്‍ട്ടാണിത്. സര്‍വ മേഖലയിലും കേരളാ മോഡല്‍ മുന്നിലെന്ന് തെളിയിക്കുന്നതാണ് റിപ്പോര്‍ട്ട്.