തിരുവനന്തപുരം - വാഴമുട്ടം സർക്കാർ ഹൈസ്കൂളിൽ പുതിയ അഞ്ചുനില മന്ദിരത്തിന്റെ നിർമാണം ഉടൻ ആരംഭിക്കാൻ തീരുമാനമായി. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അഞ്ചു കോടി രൂപയാണ് നിർമ്മാണത്തിനായി വകയിരുത്തിയിട്ടുള്ളത്. ക്ലാസ് മുറികൾ , ആൺ,പെൺ, ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രത്യേക ശൗചാലയങ്ങൾ, സ്റ്റാഫ് റൂം,ലാബുകൾ തുടങ്ങിയവ ആധുനിക ഡിസൈനിൽ നിർമ്മിക്കും. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് നിർമാണ പ്രവർത്തനത്തിലേക്ക് കടക്കാൻ സഹായിക്കുന്നതിനായി ഒരു സമിതിയും രൂപീകരിച്ചു.യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ,ജനപ്രതിനിധികൾ,അധ്യാപകർ,രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.