പാട്ടും കവിതയുമായി ജില്ലാതല ഭാഷോത്സവം
പൊതുവിദ്യാഭ്യസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന വായനാ ചങ്ങാത്തം , സ്വതന്ത്ര വായന സ്വതന്ത്രരചന പരിപോഷണ പരിപാടിയുടെ തുടർ പ്രവർത്തനമായി സമഗ്ര ശിക്ഷാ തിരുവനന്തപുരം സംഘടിപ്പിച്ച ഭാഷോത്സവം കുട്ടികളിലും രക്ഷിതാക്കളിലും സർഗ്ഗസൃഷ്ടിയുടെ പുതുചിന്തകൾ നൽകി. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നടന്ന ഭാഷോത്സവം കവിയും, ആകാശവാണി തിരുവനന്തപുരം സീനിയർ പ്രോഗ്രാം പ്രൊഡ്യൂസറുമായ ശ്രീകുമാർ മുഖത്തല ഉദ്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂർ മുഖ്യാഥിതിയായി. എസ് എസ് കെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എസ് ജവാദ് അധ്യക്ഷനായി. കണിയാപുരം ബ്ലോക്ക്പ്രോജക്ട് കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ പാറയ്ക്കൽ സ്വാഗതവും, ശില്പശാല ഡയറക്ടർ രാജേഷ് ലാൽ നന്ദിയും രേഖപ്പെടുത്തി. ജില്ലാ പ്രോഗ്രാം ഓഫീസർ റെനി വർഗ്ഗീസ് പദ്ധതി വിശദീകരിച്ചു. സുഭാഷ്, സതീഷ് ജി വി, മധുസൂദന കുറുപ്പ്, മഞ്ചുഷ, ദിനേശ് സി എസ് തുടങ്ങിയവർ സംസാരിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ സബ്ജില്ലകളിൽ നിന്നായി 65 രക്ഷാകർത്താക്കളും 60 കുട്ടികളും ഭാഷോത്സവത്തിന്റ ഭാഗമായി. വിവിധ വിഷയങ്ങളിൽ രക്ഷകർത്താക്കളും കുട്ടികളും സർഗ്ഗ സൃഷ്ടികൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന കഥയരങ്ങ് കഥാകൃത്ത് ജേക്കബ് എബ്രഹാമും, കവിതയിലെ കാവ്യാനുഭവം എന്ന കവിത കവി വിനോദ് വെള്ളായണിയും അവതരിപ്പിച്ചു. വൈകുന്നേരം നടന്ന നാടൻപാട്ട് ശില്പശാല ലിജോ രവിയും നയിച്ചു. തിരുവനന്തപുരം ജില്ലാതല ഭാഷോത്സവം കണിയാപുരം ബി ആർ സിയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തിൽ ഏകദിന ഭാഷോത്സവ ശിൽപ്പശാലയിൽ പിറവികൊണ്ട സർഗ്ഗ സൃഷ്ടികളുടെ അവതരണവും കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.