ഭാരമില്ലാത്ത സ്കൂൾ യാത്രയ്ക്കായി ഹൈഡ്രജൻ ബാഗുകളുമായ് കുട്ടി ഗവേഷകർ
കൊല്ലം (ബി ആർ സി കരുനാഗപ്പള്ളി) : ശാസ്ത്രീയ ഗവേഷണ താല്പര്യങ്ങൾ കുട്ടികളിൽ സൃഷ്ടിക്കുന്നതിനായി സമഗ്ര ശിക്ഷ കേരളയും കെ ഡിസ്കും സംയുക്തമായി ബി ആർ സി കരുനാഗപ്പള്ളിയുടെ നേതൃതത്വത്തിൽ ചവറ ഐ ഐ ഐ സി യിൽ വെച്ചു സംഘടിപ്പിച്ച YIP - ശാസ്ത്ര 'നവീനം' എന്ന ഐഡിയേറ്റർ മാർക്കുള്ള ദ്വിദിന ശിൽപ്പശാല കുട്ടി ഗവേഷകരുടെ വേറിട്ട ആശയങ്ങൾ കൊണ്ട് സമ്പന്നമായി. സാമൂഹ്യ പ്രശ്നങ്ങളെ തങ്ങൾ പഠിച്ച ക്ലാസ് റൂം വിഷയങ്ങളുടെ അടിസ്ഥാനത്തിൽ പരിഹരിക്കുന്ന കുട്ടി ഗവേഷകരുടെ വേറിട്ട ആശയമായിരുന്നു സ്കൂൾ ബാഗുകളുടെ അമിത ഭാരം കുറയ്ക്കുന്നതിനായി ഗാഢത കുറഞ്ഞ ഹൈഡ്രജൻ വാതകം നിറച്ച ബാഗുകൾ വിപണിയിൽ എത്തിക്കുകയെന്നത് .സ്ത്രീ സുരക്ഷയ്ക്കായി SHE ആപ്പ്, സുന്ദര ശുചിത്വ നഗരത്തിനായി നൂതന സംവിധാനങ്ങൾ, ഡ്രീം സ്കൂൾ പദ്ധതി തുടങ്ങി നിരവധി വേറിട്ട ആശയങ്ങൾ കുട്ടിഗവേഷകർ കണ്ടെത്തി അവതരിപ്പിച്ചു. അനിവാര്യ ജീവിത നൈപുണ്യകളായ വിമർശനാത്മകത, സർഗാത്മകത, സംഘകഴിവുകൾ, പ്രശ്നപരിഹാരമാർഗ്ഗങ്ങൾ എന്നിവ കുട്ടികളിൽ സൃഷ്ടിക്കുന്നതിനായി നടത്തിയ ദ്വിദിന ശിൽപ്പശാല ഏറെ പ്രയോജനകരമായിരുന്നു.