ആഹ്ളാദാരവങ്ങളോടെ കുണ്ടംകുഴി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ മാതൃകാ പ്രീ സ്കൂൾ ഉദ്ഘാടനം; ' പൊതുവിദ്യാഭ്യാസ മേഖലയുടെ ഉണർവ്വുകളാണ് പ്രീ സ്കൂളുകൾ ' മന്ത്രി വി. ശിവൻകുട്ടി
കാസർഗോഡ് (കുണ്ടംകുഴി): ആഹ്ളാദാരവങ്ങളോടെ ആഘോഷത്തിമിർപ്പിൽ കുണ്ടംകുഴി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ മാതൃകാ പ്രീ സ്കൂൾ തുറന്നു.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അംഗീകൃത പ്രീ സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ ഭൗതിക - അക്കാദമിക - സാമൂഹ്യ വികസന പരിപാടികൾ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.ഇതിൻ്റെ ഭാഗമായി കുട്ടികളുടെ വികാസ ശേഷികൾ നേടുന്നതിനു വേണ്ടി 30 തീമുകളുടെ അടിസ്ഥാനത്തിലാണ് പ്രീസ്കൂൾ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ ക്ലാസ്സ് മുറികളും ഫർണിച്ചറുകളും ചുറ്റുപാടും ശിശു സൗഹൃദവും ആകർഷകവുമാക്കുന്നതിന് പ്രത്യേകമായ ഇടപെടലുകളാണ് എസ് എസ് കെ നടത്തുന്നത്. ജില്ലയിലെ 61 അംഗീകൃത പ്രീസ്കൂളുകളിലും പ്രവർത്തന മൂലകൾ ഒരുക്കുവാനും പഠനോപകരണങ്ങൾക്കും എസ് എസ് കെ ഫണ്ട് നൽകുന്നു. 2020 - 21ലാണ് ജില്ലയിൽ ആദ്യമായി മേലാങ്കോട്ട് സ്കൂളിൽ മാതൃകാ പ്രീസ്കൂൾ ഒരുക്കാൻ എസ് എസ് കെ 15 ലക്ഷം രൂപ ഫണ്ടുപയോഗിച്ച് പ്രീ സ്കൂൾ ഉദ്ഘാടനം ചെയ്തത്. കുണ്ടംകുഴി സ്കൂളിൽ സമഗ്ര ശിക്ഷാ കേരളയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാതൃകാ പ്രീ സ്കൂളൊരുക്കാൻ 2021-22 ൽ 15 ലക്ഷം രൂപയുടെ ഫണ്ടാണ് നൽകിയത്. ശാസ്ത്രീയമായ പ്രീ സ്കൂളിംഗ് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സമഗ്ര ശിക്ഷാ കേരള മാതൃകാ പ്രീ സ്കൂൾ പദ്ധതി .
സമഗ്ര ശിക്ഷയുടെ 15 ലക്ഷം രൂപയ്ക്ക് പുറമേ ബേഡഡുക്ക പഞ്ചായത്ത് തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തിയുള്ള ഫണ്ടും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും സമാഹരിച്ച 15 ലക്ഷം രൂപയും ചേർത്ത് 30 ലക്ഷത്തിന്റെ പ്രവൃത്തികളാണ് കുണ്ടംകുഴി മാതൃകാ പ്രീ സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. ഭാഷാ വികസനയിടം, ഗണിതയിടം, ശാസ്ത്രയിടം , കളിയിടം, പ്രകൃതിയിടം , തുടങ്ങി പത്തോളം പ്രവർത്തനയിടങ്ങളും ആകർഷകമായ ക്ലാസ്സ് മുറികളും ഒരുക്കിയിട്ടുണ്ട്. വിശാലമായ നടപ്പാതയും ആകർഷകമായ ഗേറ്റും ഏറുമാടവും കുട്ടികളുടെ പ്രകടനങ്ങൾക്കുള്ള പെർഫോമൻസ് ഏരിയയും ഉൾപ്പടെയുള്ള പ്രത്യേക പ്രീസ്കൂൾ ക്യാമ്പസ് എന്നത് കുണ്ടംകുഴി മാതൃകാ പ്രീസ്കൂളിന്റെ സവിശേഷതയാണ്. കളികളിലൂടെയും കഥകളിലൂടെയും പാട്ടുകളിലൂടെയും രസകരമായതും കൗതുകമുണർത്തുന്നതുമായ പ്രവർത്തനങ്ങളിലൂടെ അനുവങ്ങളൊരുക്കിയാണ് മാതൃകാ പ്രീ സ്കൂളിൽ വിവിധ വികാസ മേഖലകളിലെ ശേഷികൾ കുട്ടികളിൽ വികസിപ്പിക്കുന്നത്.
സി എച്ച് കുഞ്ഞമ്പു എം എൽ എ അധ്യക്ഷനായിരുന്നു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ധന്യ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ രമണി, വിദ്യാഭ്യാസ ഉപഡയരക്ടർ സി കെ വാസു, സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് ഡയരക്ടർ ഡി നാരായണ, ഡി ഇ ഒ എൻ നന്ദികേശൻ, സ്കൂൾ പ്രിൻസിപ്പാൾ കെ രത്നാകരൻ, ഡി പി ഒ കെ പി രഞ്ജിത്ത്, ഹയർ സെക്കണ്ടറി ജില്ലാ കോഡി നേറ്റർ പി വി ശശി, എ ഇ ഒ അഗസ്റ്റിൻ ബർണാഡ്, വിനോദ് പെരുമ്പള, ബിപിസി ടി പ്രകാശൻ ,എ മാധവൻ, വസന്തകുമാരി, ടി വരദരാജ്, ലതാഗോപി ,സി രാമചന്ദ്രൻ ,ടി പി ഗോപാലൻ, ബി എൽ നൂർജഹാൻ, ഡി വൽസല, പി ശാന്തകുമാരി, എം മാധവൻ, പി കെ ഗോപാലൻ, പ്രസീതാ ശശി ,പി ഹാഷിം, എം അനന്തൻ, കെ മുരളീധരൻ, കുഞ്ഞികൃഷ്ണൻ മാടക്കല്ല്, എം ജനാർദനൻ, സുബിൻ ദാസ്, സുരേഷ് പായം, സി പ്രശാന്ത്, കെ അശോകൻ എന്നിവർ സംസാരിച്ചു.