പാഠ്യപദ്ധതി പരിഷ്കരണം: ജനകീയ ചർച്ചകളുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായി ചർച്ച നടത്തി മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് ജനകീയ ചർച്ചകളുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായി ചർച്ച നടത്തി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഈ വിഷയത്തിൽ ജില്ലാ കളക്ടർമാർ, മേയർമാർ, മുനിസിപ്പൽ കോർപ്പറേഷൻ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ യോഗം കഴിഞ്ഞ ദിവസം നടത്തിയിരുന്നു.സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്ക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, വിവിധ മേഖലയിലെ
വിദഗ്ധരെ ഉൾപ്പെടുത്തി സംസ്ഥാന സ്കൂൾ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, കരിക്കുലം കോർ കമ്മിറ്റി എന്നിവ രൂപീകരിക്കുകയും പ്രസ്തുത കമ്മിറ്റികളുടെ ആദ്യ യോഗവും സംസ്ഥാന തല ആശയരൂപീകരണ ശിൽപശാലയും 2022 ജൂൺ 16 ന് നടത്തുകയുണ്ടായി.പാഠ്യപദ്ധതിയെ സംബന്ധിച്ചുള്ള പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിക്കുന്നതിന് വിപുലമായ ജനകീയ ചർച്ചകൾ നടത്തേണ്ടതുണ്ട്. അതിനായി 26 ഫോക്കസ് മേഖലകളുമായി
ബന്ധപ്പെട്ട് ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, സ്കൂൾ തലങ്ങളിൽ വിശദമായ ജനകീയചർച്ചകൾ നടത്തണമെന്ന് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, നേരിട്ട് നിർദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള ഒരു ടെക് - പ്ലാറ്റ് ഫോം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്നതാണ്. ഫോക്കസ് ഗ്രൂപ്പുകളിൽ ചർച്ച ചെയ്ത് മെച്ചപ്പെടുത്തിയ സമൂഹ ചർച്ചയ്ക്കുള്ള കുറിപ്പുകൾ അടങ്ങിയ കൈപ്പുസ്തകത്തിന്
2022 സെപ്റ്റംബർ 2 ന് ചേർന്ന പാഠ്യപദ്ധതി കോർ കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.
ഈ കൈപുസ്തകത്തിന്റെ പകർപ്പ് പി ഡി എഫ് (PDF) ആയി എല്ലാവർക്കും അയച്ചിട്ടുള്ളതാണ്.
ജനകീയ ചർച്ചകളുടെ സംഘാടനത്തിന് ജില്ലാ ഭരണകൂടം മുതൽ ഗ്രാമപഞ്ചായത്ത് തലം
വരെയുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം ആവശ്യമാണ്.
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഗുണഭോക്താക്കൾ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വിദ്യാർത്ഥികളുമായി നേരിൽ സംവദിക്കുന്ന തലം എന്നത് കൂടി പരിഗണിച്ചാണ് ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായി പ്രത്യേക യോഗം ചേർന്നത്. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആർ.ടി. യിൽ നിന്നും ലഭ്യമാക്കിയിട്ടുള്ള കൈപ്പുസ്തകത്തിന്റെ പി.ഡി.എഫ് എല്ലാവരും പരിശോധിക്കേണ്ടതുണ്ട്.
അതിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്തി ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കേണ്ടതുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ,സ്കോൾ കേരള വൈസ് ചെയർമാൻ ഡോ.പി. പ്രമോദ്, സീമാറ്റ് കേരള ഡയറക്ടർ ബി അബുരാജ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.